Friday, 16 June 2017

ഫാസിസം, നിയമപാലകര്‍, ന്യായവിധികള്‍ - ന്യൂറംബര്‍ഗ് വിചാരണകള്‍ ചരിത്രത്തില്‍ ശേഷിപ്പിക്കുന്നത്...


Three-judge panel

പശു ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ദിവ്യമൃഗമാണെന്നും മയില്‍ ഗര്‍ഭിണിയാകുന്നത് ലൈംഗിക ബന്ധത്തിലൂടെയല്ല എന്നുമൊക്കെയുള്ള സമകാലിക ഇന്ത്യന്‍ ന്യായാധിപ പ്രസ്താവങ്ങളുടെ പശ്ചാത്തലത്തിലാണ് ജഡ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ് [Judgment at Nuremberg (1961) | Director: Stanley Kramer | 3h 6min | Drama, War | 18 December 1961 (Sweden)] എന്ന ഹോളോകോസ്റ്റ് ചിത്രം വീണ്ടും കാണാനായി തിരഞ്ഞെടുത്തത്‌. ചരിത്രത്തില്‍ നിന്ന് നാമൊന്നും പഠിക്കുന്നില്ല. അല്ലെങ്കില്‍ ചരിത്രം വിണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്, അല്ലെങ്കില്‍ ആവര്‍ത്തിക്കപ്പെടാന്‍ നാം തന്നെ കളമൊരുക്കുന്നത് എന്തിനു വേണ്ടിയാണ്.

Defense counsel Hans Rolfe & prosecutor Col. Tad Lawson

ലോകം അന്നോളം കണ്ടിട്ടില്ലാത്ത കൊടും ക്രൂരതകളാണ് നാസിഭരണകാലത്ത് ജര്‍മ്മനിയില്‍ നടന്നത്. എന്നാല്‍ പൂര്‍ണ്ണതോതില്‍ അത് വെളിവാക്കപ്പെടുന്നത് യുദ്ധാനന്തരമാണ്. നാസി കുറ്റവാളികളെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണം എന്നായിരുന്നു സ്റ്റാലിന്റെ പക്ഷം, എന്നാല്‍ പ്രശ്‌നപരിഹാരത്തിന് അത് ഉതകില്ലെന്നും നീതിയുക്തമായ വിചാരണയിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്നുമായിരുന്നു മറ്റു സംഖ്യകക്ഷിനേതാക്കളുടെ അഭിപ്രായം. യുദ്ധക്കുറ്റവാളികളില്‍ പ്രധാനികളായിരുന്ന ഹിറ്റ്‌ലറും ഹിംലറും ഗീബല്‍സുമടക്കം പലരും യുദ്ധാവസാനത്തിന് മുന്‍പെ തന്നെ ആത്മഹത്യചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. ശേഷിച്ച യുദ്ധക്കുറ്റവാളികളെയാണ് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നത്. മൊത്തം 13 വിചാരണകളാണ് അന്താരാഷ്ട്ര സൈനിക ട്രെബ്യൂണലിന്റെ നേതൃത്ത്വത്തില്‍ ന്യൂറംബര്‍ഗില്‍ നടന്നത് അതില്‍ മൂന്നാമത്തേതായിരുന്നു ന്യായാധിപന്‍മാര്‍ക്കെതിരായ വിചാരണ. അതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

Nuremberg rally, 1937

നാസിപാര്‍ട്ടിയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരിടമാണ് ന്യുറംബര്‍ഗ്. ഇവിടെ വെച്ചാണ് പാര്‍ട്ടിയുടെ പടുകൂറ്റന്‍ റാലികള്‍ നടന്നത്. ഇവിടെ വെച്ചു തന്നെയാണ് 1935 സെപ്റ്റംബര്‍ 15 ന് കുപ്രസിദ്ധ ജൂതവിരുദ്ധ നിയമങ്ങള്‍ ഹിറ്റ്‌ലര്‍ പുറത്തിറക്കിയത്. ഇവിടത്തെ നിയമകാര്യാലയത്തില്‍ വെച്ചാണ് (ചിലതൊക്കെ ഇപ്പോള്‍ വിചാരണ നടക്കുന്ന കോടതി മുറിയില്‍ വെച്ച്) നിയമസംഹിതകളെ തന്നെ കളങ്കപ്പെടുത്തിയ പല വിധികളും ഭരണകൂടത്തിന് വേണ്ടി ന്യായാധിപര്‍ പുറപ്പെടുവിച്ചത്. അതേ ന്യൂറം ബര്‍ഗില്‍ വെച്ച് തന്നെ അവരും വിചാരണ ചെയ്യപ്പെടുന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി.

രണ്ടാം ലോകമഹായുദ്ധം കല്‍ക്കൂമ്പാരമാക്കിയ ന്യൂറംബര്‍ഗിലേക്ക്  1948 ലെ ഒരു സായാഹ്നത്തില്‍ ലളിത ജീവിതം ഇഷ്ടപ്പെടുന്ന തികഞ്ഞ പാകതയും ചെയ്യാന്‍ പോകുന്ന ജോലിയുടെ ഉത്തരവാദിത്ത്വത്തെക്കുറച്ച് നല്ല ബാധ്യവുമുള്ള അമേരിക്കന്‍ ജഡ്ജായ ഡാന്‍ ഹെവുഡ് എത്തിച്ചേരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ ജോലി എറ്റെടുക്കാന്‍ പലരും തയ്യാറായിരുന്നില്ല. വിചാരണക്ക് വിധേയരാകുന്നത് ജര്‍മ്മനിയിലെ പഴയ ന്യായാധിപന്‍മാരാണ് എന്നതു കൊണ്ട് മാത്രമല്ല അത്. ആ വിചാരണ മുഴുവന്‍ ലോകവും പ്രത്യേകിച്ച് നിയമലോകം സസുക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. ഭാവിയില്‍ ആ ന്യായവിധികള്‍ ഇഴ കീറി പരിശോധിക്കപ്പെടുകയും ചെയ്യും. ജര്‍മ്മനിയിലെ മുഖ്യന്യായാധിപനും നിയമന്ത്രിയും ലോകത്തിലെ തന്നെ അക്കാലത്തെ അറിയപ്പെടുന്ന നിയമജ്ഞനുമൊക്കെയായിരുന്ന ഏണസ്റ്റ് യാനിങ്ങ് ആണ് പ്രതിക്കൂട്ടിലെ പ്രധാനി. നിയമത്തിന്റെ പര്യയമായാണ് ഒരു കാലത്ത് യാനിങ്ങിനെ കണ്ടിരുന്നത്. യാനിങ്ങിന്റെ നിയമ പുസ്തകങ്ങള്‍ ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളിലെയും പാഠപുസ്തകങ്ങളാണ്. എന്നിട്ടും എങ്ങിനെയാണ് അദ്ദേഹം നാസിസത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നിയമത്തെ ദുര്‍വ്യാഖ്യാനിച്ച്, വളച്ചൊടിച്ച് ഫാസിസ്റ്റുകള്‍ക്ക് കുഴലൂതിയത്. ന്യായാധിപന്‍മാരുടെ നീതിബോധവും ധാര്‍മ്മികതയും അധികാരവുമായി ബന്ധപ്പെട്ടതാണോ. നിലനിലക്കുന്ന ഭരണകൂടത്തിന്റെ ഇച്ഛകള്‍കപ്പുറം നിയമത്തിന് സ്വന്തമായൊരിടമില്ലേ ?

Nuremberg after world war 2

പ്രോസിക്യൂഷന്റെ കുറ്റാരോപണങ്ങളോട് താന്‍ ട്രൈബ്യൂണലിന്റെ അധികാരത്തെ അംഗീകരിക്കുന്നില്ല എന്ന മറുപടിയാണ് യാനിങ്ങ് പറയുന്നത്. അതുകൊണ്ടുതന്നെ നടപടികളോട് സഹകരിക്കുന്നുമില്ല. 'നിങ്ങള്‍ വര്‍ഷങ്ങളോളം ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് നിഷേധിച്ചതാണ് നിങ്ങള്‍ക്ക് ലഭ്യമായത്, നീതിയുക്തമായ വിചാരണ' പ്രോസിക്യൂഷന്‍ യാനിയെയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ വിധി പറയുന്നത് കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അല്ലാതെ വികാരങ്ങളുടെയോ ആശയങ്ങളുടേയൊ പേരിലാകില്ല. ജര്‍മ്മന്‍ ന്യായാധിപന്‍മാര്‍ക്ക് വേണ്ടി ഹാജരാകുന്ന പ്രതിഭാഗം വക്കീല്‍ ഹാന്‍സ് റോള്‍ഫ് പറയുന്നത് നിയമമെന്നത് സാമൂഹ്യസാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ്. അതാത് സമയങ്ങളില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളുടെ ആശയാഭിലാഷങ്ങളായിരിക്കും സ്വാഭാവികമായും അവരുണ്ടാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കപ്പെടുക വഴി ന്യായാധിപര്‍ ചെയ്യേണ്ടി വരിക അതിന് അവരെ കുറ്റപെടുത്താനാകില്ല.

പ്രോസിക്യൂഷന് വേണ്ടിയെത്തുന്ന കേണല്‍ ടാഡ് ലോസണ്‍ യുദ്ധത്തിന്റെ അവസാന നാളുകളില്‍ ജര്‍മ്മനിയില്‍ പോരാടിയ അമേരിക്കന്‍ പടനായകരിലൊരാളാണ്. കോണ്‍സട്രേഷന്‍ ക്യാമ്പിന്റെ ഭീകരത ആദ്യം കണ്ടറിഞ്ഞ പുറം ലോകത്ത് നിന്നുള്ള ഒരാള്‍. അതു കൊണ്ടു തന്നെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന വാശിയോടെ ലഭ്യമായ മുഴുവന്‍ സാക്ഷികളെയും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹം കോടതിക്ക് മുന്നില്‍ കൊണ്ടു വരുന്നതും. എന്നാല്‍ കേസ് മുന്നോട്ട് പോകുന്നതോടെ പ്രതിഭാഗം വക്കീല്‍ അസ്വസ്ഥനാകുന്നുണ്ട്. ജര്‍മ്മനിക്ക് ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസാന അവസരവും ഈ വിചാരണ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

  Accused German judges and prosecutors

ജര്‍മ്മന്‍ വാസത്തിനിടക്ക് മുഖ്യനായാധിപനായ ഡാന്‍ പലരോടും നാസി കാലത്തെക്കുറിച്ച അന്വേഷിക്കുന്നുണ്ട് അവരൊക്കെ പറയുന്നത്. തങ്ങള്‍ക്ക് ഹിറ്റലര്‍ ചെയ്തതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ്. ഇനി അഥവാ ചിലതെല്ലാം അറിഞ്ഞിരുന്നെങ്കില്‍ തന്നെ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമായിരുന്നെന്നും അവര്‍ കൈമലര്‍ത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തന്റെ മകനായി പോയി എന്നതിന്റെ പേരില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനായ റുഡോല്‍ഫ് പീറ്റര്‍സണ്‍ നാസി കാലത്തെ തന്റെ വിചാരണയെക്കുറിച്ച് ട്രെബ്യൂണലില്‍ വിവരിക്കുന്നുണ്ട്. രാജദ്രേഹക്കുറ്റമാരോപിച്ച് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തോട് ഹിറ്റ്‌ലറുടെയും ഹിംലറുടെയും ജന്മദിനം എന്നാണെന്നാണ് കോടതി ചോദിക്കുന്നത്. അത് തനിക്കറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നും പറഞ്ഞ പീറ്റര്‍സണ്‍ ശിക്ഷക്ക് വിധേയനാകുന്നു. വംശമലിനീകരണ കുറ്റം ചുമത്തി തൂക്കിലേറ്റിയ ഒരു ജൂതവ്യപാരിയുടെ കേസില്‍ വ്യാപാരി ബന്ധപ്പെട്ടു എന്ന ആരോപിക്കപ്പെട്ട അന്ന് 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പിന്നീട് ട്രൈബ്യൂണലിന് മുന്നിലെത്തുന്ന മറ്റൊരു സാക്ഷി. തന്നെ മകളെപ്പോലെ മാത്രം കണ്ടിരുന്ന ആ വ്യാപാരിയെ ഇല്ലായ്മചെയ്യാന്‍ മാത്രം തയ്യാറാക്കിയ കള്ളക്കഥയായിരുന്നു അതെന്നും ഈ ന്യായാധിപന്‍മാര്‍ അടക്കമുള്ളവര്‍ അതിന്റെ ഭാഗമായിരുന്നെന്നും അവര്‍ വിശദീകരിക്കുന്നു. വിചാരണയുടെ ഒരു ഘടത്തില്‍ കോണ്‍സട്രോഷന്‍ ക്യാമ്പിന്റെ ഭീകരദൃശ്യങ്ങള്‍ പോസിക്യൂഷന്‍ കോടതിയെ കാണിക്കുന്നുണ്ട്.

Nuremberg laws against jews 1935

ഒടുവില്‍ തന്റെ വക്കീലിന്റെ തടസ്സം മറികടന്ന് യാനി കോടതിയില്‍ കുറ്റമേറ്റു പറയുകയാണ്. തങ്ങള്‍ക്ക് ജര്‍മ്മന്‍ ജനതക്ക് എല്ലാമറിയാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. തങ്ങളടോപ്പം ജീവിച്ചിരുന്ന ഒരു കുട്ടം ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയിറക്കിയപ്പോള്‍ അവര്‍ക്കെതിരായി കരിനിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അവരെ തെരുവില്‍ അധിക്ഷേപിച്ചപ്പോള്‍ വേട്ടയാടിയപ്പോള്‍ ചരക്കുതീവണ്ടികളില്‍ കുത്തി നിറച്ച് കൊണ്ടുപോയപ്പോള്‍ ഒക്കെ ജര്‍മ്മന്‍ ജനത അറിയുന്നുണ്ടായിരുന്നു തങ്ങള്‍ക്ക് ചുറ്റും എന്താണ് തങ്ങള്‍ക്കു ചുറ്റും നടക്കുന്നതെന്ന്. അഴിമതിക്കാരും വംശവെറിക്കാരുമൊക്കെയായ തന്റെ സഹ ന്യായാധിപന്‍ മാര്‍ക്കും അറിയാമായിരുന്നു തങ്ങളെന്താണ് ചെയ്യുന്നതെന്ന് അവരെക്കാളൊക്കെയേറെ താനും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ് എന്തെന്ന് വെച്ചാല്‍ അവരൊക്കെ / തന്റെ സഹപ്രവര്‍ത്തകരൊക്കെ എത്തരക്കാരാണെന്ന് ഉത്തമബോധ്യം ഉണ്ടായിയിട്ടും താനും അവരോടൊപ്പം ചേര്‍ന്നു എന്നതുകൊണ്ട് തന്നെ.

വിചാരണകള്‍ മുന്നേറവെ തന്നെ മറ്റു ചില അന്തര്‍ നാടകങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു. റഷ്യയും അമേരിക്കയും തമ്മില്‍ ജര്‍മ്മനിയിലും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലും അധിനിവേശം നടത്തിയ സ്ഥലങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. ശീതയുദ്ധം അതിന്റെ ആരംഭം കുറിച്ചിരുന്നു. കിഴക്കന്‍ ജര്‍മ്മനി കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. യൂറോപ്പിനെ വിഴുങ്ങിത്തുടങ്ങിയ കമ്മ്്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഭീതിയില്‍ ജര്‍മ്മന്‍കാരെ കൂടെ നിര്‍ത്തേണ്ടതുണ്ട് എന്ന് അമേരിക്ക ചിന്തിച്ചു തുടങ്ങിയിരുന്നു. നീണ്ടു പോകുന്ന വിചാരണകളും അതിനെ തുടര്‍ന്നുണ്ടാകുന്ന ശിക്ഷാവിധികളും ജര്‍മ്മനിയെ കൂടെ നിര്‍ത്താന്‍ സഹായകരമാകില്ല എന്ന് തിരിച്ചറിവില്‍ പ്രതികളെ വെറുവിട്ടോ അല്ലെങ്കില്‍ ലഘുവായ ശിക്ഷകള്‍ മാത്രം നല്‍കിയോ വിചാരണ വേഗത്തില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പട്ടാളമേധാവികള്‍ പ്രോസിക്യൂഷന് മേലെ പ്രത്യക്ഷമായും ജഡ്ജിനു മേലെ പരോക്ഷമായും സമ്മര്‍ദ്ധം ചെലുത്തിതുടങ്ങിയിരുന്നു. എന്നാല്‍ അവരിരുവരും അതിന് തയ്യാറാകുന്നില്ല. ന്യായാധിപന്‍മാര്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുന്നു.
 Dr. Ernst Janning

മറ്റു ഹോളോകോസ്റ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കോണ്‍സണ്‍ട്രേഷന്‍ ക്യമ്പുകളുടെ ചില ദൃശ്യങ്ങളൊഴിച്ചാല്‍ നാസി ഭീകരത പ്രത്യക്ഷമായി പ്രദര്‍ശിപ്പിച്ച ഒരു ചിത്രമല്ല ഇത്. പക്ഷെ വിചാരണകളിലൂടെ തെളിയുന്ന നാസി കാലഘട്ടത്തിന്റെ ചിത്രം നമ്മെ വിറയല്‍ കൊള്ളിക്കുക തന്നെ ചെയ്യും. പതിവ് ഹോളിവുഡ് ചിത്രങ്ങളില്‍ പ്രകടമാകുന്ന അമേരിക്കന്‍ ദേശിയതയെ പറ്റിയുള്ള ചില പുകഴ്ത്തലുകളും ചെറിയ ചില പക്ഷപാതിത്ത്വങ്ങളും മാറ്റിനിറുത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ്. സമകാലിക ഇന്ത്യന്‍ പരിസരത്ത് നിന്നുകൊണ്ട് ഈ ചിത്രത്തെ കാണുമ്പോള്‍ എന്താണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങിനെത്തന്നെ അത് മുന്നോട്ട് പോയാല്‍ നാളെ എന്തായിരിക്കും നടക്കാന്‍ പോകുക എന്ന് അത് നമുക്ക് വ്യക്തമാക്കിത്തരും തീര്‍ച്ച.
പ്രമോദ് (രാമു)