Wolf Totem |2015| 2h 1min |Adventure|China |
സാംസ്ക്കാരിക
വിപ്ളവം ഉഴുതുമറിക്കുന്ന 1967ലാണ് സിനിമ തുടങ്ങുന്നത്. ബീജിങ്ങിലെ യൂണിവേഴ്സിറ്റി
വിദ്യാഭ്യാസത്തിന് ശേഷം ചൈനക്ക് കീഴിലെ സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗളിയയിലെ
ഗ്രാമപ്രദേശത്തേക്ക് ഗോത്രവര്‍ഗ്ഗക്കാരെ സഹായിക്കാനും അവരില്‍ നിന്നും
പഠിക്കാനുമായി പോകുകയാണ് ചെന്‍ഷെന്‍, യാങ്ങ് കെ എന്നീ രണ്ട് വിദ്യര്‍ത്ഥികള്‍. സാംസ്ക്കാരിക വിപ്ളവം യുവാക്കളോട്
ആവശ്യപ്പെട്ടത് കര്‍ഷകര്‍ക്ക് ശിഷ്യപ്പെടാനായിരുന്നു. സാംസ്കാരിക വിപ്ളവത്തിലൂടെ
മാവോ പകര്‍ന്നു നല്കുന്ന ആവേശം അന്നത്തെ ബീജിങ്ങ് ദൃശ്യങ്ങളില്‍ മാത്രമല്ല അവരുടെ
മുഖത്തും പ്രകടമാകുന്നുണ്ട്. മനോഹരമായ ചൈനീസ് ഗ്രാമങ്ങളിലുടെയുള്ള യാത്രയുടെ
ഒടുവില്‍ അവര്‍ മംഗോളിയന്‍ ഇടയ ഗ്രാമത്തിലെത്തുന്നു. ഹൃദ്യമായ സ്വീകരണമാണ് അവര്‍ക്ക്
ലഭിക്കുന്നത്. അവിടത്തെ ഗോത്രത്തലവന് പാര്‍ട്ടിയുടെ പ്രാദേശിക ചുമതയുള്ള ലീഡര്‍
അവരെ പരിചയപ്പെടുത്തുന്നു. ലീഡറെന്നാല്‍ റഷ്യയിലെ പൊളിറ്റിക്കല്‍ കമ്മിസാര്‍ പോലെ
ഒരു പദവി.
ഗോത്രത്തലവനാകട്ടെ നിരീക്ഷണങ്ങളിലും ജീവിതപരിചയത്തിലും സിയാറ്റിനിലെ റെഡ് ഇന്ത്യന്‍ മൂപ്പനെ അനുസ്മരിപ്പിക്കുന്നു. കാലാവസ്ഥയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റയുടെ ലഭ്യതക്കുമൊപ്പം മാറിമാറി തമ്പടിക്കുന്നക്കുന്നവരാണ് മംഗോളിലെ ഗ്രാമീണര്‍. അവരുടെ തമ്പുകളിലൊന്നില്‍ വിദ്യര്‍ത്ഥികള്‍ക്ക് താമസമൊരുക്കുന്നു. പതുക്കെ പതുക്കെ അവര്‍ ഗോത്രജീവിതവുമായി അലിഞ്ഞ് ചേരുന്നു. പ്രകൃതിയുമായി വളരെയധികം താദാത്മ്യം പ്രാപിച്ച ജീവിതമാണ് അവരുടേത്. ആവശ്യമുള്ളത് മാത്രം എടുത്ത്. പരിസ്ഥിതിയുടെ താളവും സംതുലനവും കാത്ത് സൂക്ഷിച്ച്, മരിച്ച് കഴിഞ്ഞാല്‍ ശവശരീരം മംഗോളിയന്‍ പുല്‍മേടുകള്‍ക്ക് വിട്ട് കൊടുത്ത്. അതിനെക്കുറിച്ച് തലവന്‍ ഒരിക്കല്‍ പറയുന്നത് മാംസം വളരെ ആവശ്യമാണ് മംഗോള്‍ ജീവിതത്തിന് എന്നാണ്. അതിനായി ഒരു പാട് മാംസം ഈ പുല്‍മേടുകള്‍ നമുക്ക് തരുന്നു പകരമായി മരണാനന്തരം നമ്മുടെ മാംസം ഇവിടത്തെ ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണമായി നാമും വിട്ടുകൊടുക്കുന്നു. ഗോത്രത്തലവനോടൊപ്പമുള്ള യാത്രകളില്‍ നിന്ന് ചെന്‍ഷെന്‍ അവിടത്തെ ചെന്നായ്ക്കളെക്കുറിച്ച് മനസ്സിലാക്കുന്നു. ചെന്നായ്ക്കളെ തങ്ങളുടെ ഗോത്രത്തിന്റെ ടോട്ടം ആയാണ് അവര്‍ കരുതുന്നത്. ആത്മീയമായ പരിവേഷമുള്ള മൃഗമോ അതിന്റെ പ്രതീകമോ ആണ് ടോട്ടം. മംഗോളുകളുടെ ജീവിതത്തിന്റെ വഴികാട്ടിയും ചെന്നായ് ആണെന്ന് മൂപ്പന് ചെന്നിനോട് പറയുന്നുണ്ട്. ചെങ്കിസ്ഖാന് എന്ന ലോകം കീഴടക്കിയ മംഗോള്‍ നായകന് തന്റെ സൈനികതന്ത്രങ്ങള്ക്ക് മാതൃകയാക്കിയത് ചെന്നായക്കൂട്ടത്തിന്റെ ആക്രമണങ്ങളെയാണ്. അത് പിന്തുടര്‍ന്ന ഒരു ഗോത്ര ജനത ആയതുകൊണ്ട് തന്നെയാണ്. ചൈനീസ് ചക്രവര്‍ത്തിമാര്‍ക്ക് ചെറു ന്യൂനപക്ഷമായ മംഗോളുകളില്‍ നിന്ന് തങ്ങളുടെ വിശാല സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ വന്മതില് പണിയേണ്ടി വന്നത്.
ചെന്നായ്ക്കളും ഗോത്രവര്‍ഗ്ഗക്കാരും തമ്മില്‍ വലിയ സംഘര്‍ഷങ്ങളില്ലാതെയാണ് ജീവിതം. പുല്‍മേടുകളില്‍ മേയാനെത്തുന്ന മാനുകളാണ് ചെന്നായ്ക്കളുടെ ഭക്ഷണം. ശൈത്യകാലത്ത് മഞ്ഞുറഞ്ഞുകിടക്കുന്ന പ്രദേശത്ത് അവ വേട്ടയാടിയ മാനുകളെ ശേഖരിച്ചു വെക്കുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ആ ഇടം അറിയാം. അവിടെ നിന്ന് ചെന്നായ്ക്കളുടെ ആവശ്യത്തിലികം ഉണ്ട് എന്ന് കരുതുന്ന
ഇറച്ചി അവര്‍ ശേഖരിക്കും. അത് മുഴുവനും ശേഖരിച്ചാലോ എന്ന് ചോദിക്കുന്ന വിദ്യര്‍ത്ഥികളോട്
മൂപ്പന് പറഞ്ഞത്. അത് ചെന്നായ്ക്കളുടെ ഭക്ഷണമാണ്. അത് ഇല്ലാതായാല്‍ അവ നമ്മുടെ
ആടുമാടുകളെ ഭക്ഷണത്തിനായി ആക്രമിക്കാന്‍ തുടങ്ങും എന്നാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍
നിന്ന് ഇത് മനസ്സിലാക്കിയ പാര്‍ട്ടി ഭാരവാഹിയും കൂട്ടരും ചെന്നായ്ക്കളുടെ ഇറച്ചി
മുഴുവന്‍ മോഷ്ടിക്കുന്നു. സാംസ്ക്കാരിക വിപ്ളവകാലത്തും പാര്‍ട്ടി-ഭരണ
സംവിധാനങ്ങളില്‍ നിലനിന്ന അഴിമതിയും അന്ധമായ നഗരവല്‍ക്കരണവും യാന്ത്രികഭൗതികവാദവും
ആധുനികതയിലേക്കുള്ള കുതിപ്പും ചൈനയിലെ ന്യൂനപക്ഷങ്ങളായ ഗോത്രവര്‍ഗ്ഗക്കാരെയും
ആദിവാസികളെയും പ്രദേശികമായ അറിവുകളെയും ആചാരങ്ങളേയും വിശ്വാസങ്ങളെയും ഒക്കെ
എങ്ങിനെയാണ് ചവിട്ടിയരച്ചതെന്ന് വൂള്‍ഫ് ടോട്ടം കാണിച്ചു തരുന്നുണ്ട്.
തീറ്റ
കൊള്ളയടിക്കപ്പെട്ടതോടെ ചെന്നായക്കൂട്ടം ഇടയ സമൂഹത്തിന്റെ മാടുകള്ക്കെതിരെ
തിരിയുന്നു. എന്നാല്‍ ചെന്നായകുഞ്ഞുങ്ങളെ ഇല്ലാതാക്കി അവരുടെ വംശവര്‍ദ്ധനവ് തടഞ്ഞ്
ഇതിനെ മറികടക്കാനാണ് അധികാരികളുടെ തീരുമാനം. മനസ്സില്ലാ മനസ്സോടെ ഈ ആജ്ഞ നടപ്പിലാക്കാന്‍
ഗ്രാമീണര്‍ നിര്‍ബദ്ധിതരാകുന്നു. എന്നാല്‍ ഇതോടെ പ്രതികാരബുദ്ധികളായി മാറിയ
ചെന്നായ്ക്കള്‍ സൈബീരിയയില്‍ നിന്നും വീശുന്ന ശീതക്കാറ്റിന്റെ സമയത്ത് രാത്രിയില്‍
ഗ്രാമീണരെ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്ന പ്രദേശിക സൈനികദളത്തിനായുള്ള പീപ്പിള്‍സ്
ആര്‍മ്മിയുടെ വലിയൊരു കുതിരക്കൂട്ടത്തെ
ആക്രമിക്കുന്നു. ചെറുത്തു നില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ഗോത്രമുഖ്യന്റെ മകന്
കൊല്ലപ്പെടുന്നു. കുതികളെ തടാകക്കരയിലേക്ക് ഓടിപ്പിച്ച ചെന്നായക്കൂട്ടം
തണുത്തുറഞ്ഞ തടാകത്തിലേക്ക് അവ ഓരോന്നിനെയായി ചാടിക്കുന്നു. ശീതക്കാറ്റിനെ തുടര്‍ന്ന്
കട്ടിയായിപ്പോയ തടാകത്തിലെ എൈസ് ശില്‍പ്പങ്ങളായാണ് പിന്നീട് കുതിരകളെ കാണുന്നത്.
ഇതിനിടയില്‍ ഒരു ചെന്നായക്കുട്ടിയെ ആരുമറിയാതെ വളര്‍ത്താന്‍ തുടങ്ങുന്നുണ്ട് ചെന്‍ഷെന്‍. പിന്നീട് ഇത് കണ്ടുപിടിക്കപ്പെടുമ്പോള്‍ ശത്രുവിനെ ഇല്ലാതാക്കാന്‍ ആദ്യം അതിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട് എന്ന് ചെയര്മാന് മാവോ പറഞ്ഞിട്ടുണ്ടെന്നും അതിനായാണ് താന്‍ അതിനെ വളര്‍ത്തുന്നതെന്നും പറഞ്ഞാണ് ചെന്‍ഷെന്‍ രക്ഷപ്പെടുന്നത്. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോകുന്ന ഇടയസംഘത്തിന് കാണാനാകുന്നത്. അവരുടെ വിശാലമായ പുല്‍മേടുകളിലേക്ക് പുതിയതായി എത്തിയ തെക്കന്‍ കര്‍ഷകരേയും അവരുടെ ട്രാകട്ടറുകളേയുമാണ്. മംഗോളിയയുടെ പ്രകൃതിയെ ആകെ തകിടം മറിച്ചുകൊണ്ട് അവിടത്തെ കന്യാഭൂമികളെ യന്ത്രകലപ്പകള്‍ ഉഴുതുമറിക്കുന്നു. സ്ഫടികസമാനമായ ജലം ഉള്‍ക്കൊള്ളുന്ന തടാകം മലിനമാക്കുന്നു. അതിലെ അരയന്നങ്ങള്‍ക്കു നേരെ തോക്കുകള്‍ ശബ്ദിച്ചുതുടങ്ങുന്നു. ഗോത്രമുഖ്യനൊപ്പം ചെന്ഷെന്നും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ലീഡര്‍ അവരുടെ തടസ്സവാദങ്ങളെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ല. പുതിയ കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയും ചെന്നായ്ക്കള്‍ ഭക്ഷണമാക്കുന്നതോടെ ചെന്നായക്കളെ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ ലീഡര്‍ ഉത്തരവിടുന്നു. അതിനിടയില്‍ ചെന്നായ്ക്കള്‍ക്കുള്ള ഇറച്ചിക്കെണിയിലെ ഡൈനാമിറ്റ് പൊട്ടി പരിക്കേറ്റ ഗോത്രമുഖ്യനും മരിക്കുന്നു. ഒടുവില്‍ എല്ലാ ചെന്നായ്ക്കളും കൊല്ലപ്പെടുമ്പോള്‍ ശേഷിക്കുന്നത് ചെന്നിന്റെ ചെന്നായ് മാത്രമാകുന്നു. ഒടുവില്‍ ചെന്നിന് മടങ്ങേണ്ട സമയമായി. മടക്കയാത്രക്കിടയില്‍ തിരിഞ്ഞുനോക്കുന്ന ചെന്‍ കാണുന്നത് ആകാശത്ത് മേഘങ്ങള്‍ ചെന്നായരൂപത്തില് നില്ക്കുന്നതായാണ്. ടോട്ടത്തിന്റെ 'വൂള്‍ഫ് ടോട്ടത്തിന്റെ' ആ ദൃശ്യത്തില്‍ പ്രസന്നനായ ചെന്‍ ബീജിങ്ങിലേക്കുള്ള തന്റെ മടക്കയാത്ര തുടരുന്നു.
7 ഇയേഴ്സ് ഇന്‍
ടിബറ്റ് എന്ന ചൈനീസ് വിരുദ്ധമെന്ന് ഭരണകൂടം തന്നെ ആരോപിച്ച സിനിമയുടെ
സംവിധായകനെത്തന്നെ(ഷോങ് ഷാക് അനൗ) ഈ സിനിമയുടെ ചുമതലയേല്‍പ്പിച്ചതോടെ തങ്ങളുടെ
പുതിയൊരു മുഖമാണ് ലോകത്തിന് മുന്പില് ചൈന വെളിവാക്കുന്നത്. ടിയാന്മെന്
സ്വകയര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തടവുശിക്ഷ അനുഭവിച്ച ലു ചിയാമിന്റെ ഇതേ
പേരിലുള്ള നോവലിന്റെ ചലചിത്രാവിഷ്ക്കാരം കൂടിയാണ് ഇതെന്നത് മറ്റൊരു അത്ഭുതം.
ചിയാങ്ങ് റോങ്ങ് എന്ന തൂലികാനാമത്തിലെഴുതിയ ഈ നോവല്‍ ചൈനീസ് ഭാഷയില്‍ ഏറ്റവുമധികം
വില്ക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നുകൂടിയാണ്.
പഴയ തെറ്റുകള്‍ തങ്ങള്‍ തിരുത്തുന്നുവെന്നും ഇപ്പോഴുള്ളത് പുതിയ
ചൈനയാണെന്നും പറയാതെ പറയുകയാണ് ഈ സിനിമക്കുള്ള പിന്തുണയിലൂടെ ചൈനീസ് സര്‍ക്കാര്‍.
പ്രമോദ് (രാമു)
ചിന്താർഹം! ആശംസകൾ
ReplyDelete