Saturday, 23 January 2016

അധിനിവേശം, പാലായനം, ബാല്യം...



(Turtles Can Fly (2004) , Director: Bahman Ghobad, Language: Kurdish, 98 min)

എല്ലാ അധിനിവേശങ്ങളും പാലായനങ്ങളും എന്നും എവിടെയും ഏപ്പോഴും ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് സ്ത്രീകളെയും കുട്ടികളേയുമാണ്. യുദ്ധം അനാഥമാക്കിയ, എതിരാളികള്‍ ശേഷിപ്പിച്ച എല്ലാതരം ദുരിതങ്ങളും യാതനകളും നേരിട്ടനുഭവിച്ചറിഞ്ഞ കുറേ കുട്ടികള്‍. ഇറാന്‍/കുര്‍ദിഷ് സംവിധായകനായ ബഹ്മാന്‍ ഗൊബാദി സംവിധാനം ചെയ്ത Turtles can Fly (2004) എന്ന ഇറാഖി സിനിമ പറയുന്നതും അവരെക്കുറിച്ചുതന്നെ. ഇറാഖ്-തുര്‍ക്കി അതിര്‍ത്തിയിലെ ഒരു കുര്‍ദിഷ് അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന കുട്ടികളുടെ കഥയാണ് ഒബാദി പറഞ്ഞുവെക്കുന്നത്. എന്നും വേട്ടയാടപ്പെട്ടിട്ടുള്ളവരാണ് കുര്‍ദുകള്‍ 40 ലക്ഷത്തോളം കുര്‍ദുകളാണ് നാലഞ്ച് രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നത്.

സിനിമയുടെ തുടക്കം അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ തൊട്ടുമുന്‍പുള്ള സമയമാണ്. അതിജീവനത്തിനായി മൈന്‍പാടങ്ങളിലെ മൈനുകള്‍ പെറുക്കി നിര്‍വീര്യമാക്കി വില്‍ക്കുകയാണവര്‍ അതിനിടയില്‍ ചിലര്‍ കൊല്ലപ്പെടും അംഗവൈകല്യം സംഭവിക്കും. സാറ്റലൈറ്റ് എന്ന് വിളിപ്പേരുള്ള കുര്‍ദ് ബാലനാണ് അവരുടെ നേതാവ്. സഹായിയായി പാഷോവ് എന്ന മറ്റൊരു ബാലനും. ആ കുട്ടിക്കൂട്ടത്തില്‍ വന്ന്് ചേരുകയാണ് അഗ്രിന്‍ എന്ന പെണ്‍കുട്ടിയും കൈകളില്ലാത്ത ഹംഗോവ് എന്ന സഹോദരനും അന്ധനായ കൊച്ചുകുട്ടിയും. സാറ്റലെറ്റിന് അഗ്രിനോട് തോന്നുന്ന ഇഷ്ടം പിന്നീട് അവളുടെ കഥയറിയുന്നതോടെ ഒരു ഞെട്ടലായി മാറുന്നു.
(രാമു)

മതവും ആഗോളീകരണവും 'തിംബുക്തു' തരുന്ന കാഴ്ച്ചകള്‍



(Timbuktu (2014), Director: Abderrahmane Sissako, Language: Arabic, 97 min)

മതവും ആഗോളീകരണവും 'തിംബുക്തു' തരുന്ന കാഴ്ച്ചകള്‍

ആഗോളീകരണം മതത്തെയും സംസക്കാരങ്ങളെയും തകര്‍ക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുന്നത് മതപൗരോഹിത്യമാണ്. പക്ഷെ മതം പ്രാദേശിക സംസ്‌ക്കാരങ്ങളെ തകര്‍ത്തെറിഞ്ഞതുപോലെ ആഗോളവല്‍ക്കരണം സംസ്‌ക്കാരങ്ങളെ ഉന്‍മൂലനം ചെയ്തിട്ടില്ല. പ്രാദേശികമായ ദേശ,ഭാഷ,കലാ-സാംസ്‌ക്കാരിക ഭേദങ്ങളെയൊക്കെ ഇല്ലാതാക്കി ഏക ശിലയിലേക്ക് സമൂഹങ്ങളെ വാര്‍ത്തെടുക്കുന്ന മതത്തിന്റെ ആസുരതയാണ് തിംബക്തു നമുക്ക് കാണിച്ച് തരുന്നത്. ഗോത്രജീവിതത്തിന്റെയും അതിന്റെ ഭാഗമായ ഒട്ടേറെ ആചാരാനുഷ്ടാനങ്ങളുടേയും തദ്ദേശീയമായ കലയുടെയും സംഗീതത്തിന്റെയും എല്ലാം വിളനിലമായിരുന്ന ആഫ്രിക്കയുടെ സാംസ്‌ക്കാരിക വൈവിധ്യം ആദ്യം ഇല്ലാതാക്കിയത് കോളനിവത്ക്കരമാണ് അതോടൊപ്പം വിശ്വാസപ്രചരണത്തിനെത്തിയ സഭ തകര്‍ന്ന പ്രാദേശികസംസ്‌കൃതികള്‍ക്ക് മുകളിലായി അതിന്റെ ഘടന പടുത്തുയര്‍ത്തിയതോടെ നാശത്തിന്റെ മറ്റൊരുഘട്ടത്തിലേക്ക് ഇവിടം കാലെടുത്തുവെച്ചു. ഇന്നാകട്ടെ ഇസ്ലാമിക തീവ്രവാദം ശേഷിക്കുന്ന സംസ്‌കൃതി കൂടി ഇല്ലാതാക്കുകയും സുകുമാര കലകളെ ഒട്ടാകെ നിഷേധിക്കുകയും ചെയ്യുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാണ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലി. ആഫ്രിക്കന്‍ സംഗീതത്തിലെ പല പ്രതിഭകളും മാലിയില്‍ നിന്നുള്ളകരായിരുന്നു. എല്ലാവര്‍ഷവും മാലിയിലെ എസ്സകേനില്‍ നടക്കുന്ന ആഫ്രിക്കന്‍ സംഗീതോത്സവമായ ദി ഫെസ്റ്റിവല്‍ ഇന്‍ ഡെസേര്‍ട്ട് വളരെ പ്രസിദ്ധമാണ്. ഫ്രഞ്ച് കോളനിയായ മാലി 1960 ല്‍ സ്വതന്ത്രം നേടിയെങ്കിലും  1992ല്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ തികഞ്ഞ രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോയത്. അതി പുരാതനമായ ഒരു സംസ്‌ക്കാരം നിലനിന്നിരുന്ന മാലിയില്‍ ക്രൈസ്തവ - ഇസ്ലാം സംസ്‌ക്കാരങ്ങള്‍ അതിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കടന്നുവരുന്നുണ്ട്. ക്ലാസ്‌ക്കല്‍ ഇസ്ലാം അതിന്റെ സ്ഥായീഭാവത്തില്‍ നില നിന്നിരുന്ന ഇടങ്ങളിലൊന്നായിരുന്നു സുഡാനൊപ്പം ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യവും അവിടത്തെ ചെറുനഗരമായ തിംബക്തുവും. വാളുകൊണ്ടോ യുദ്ധങ്ങള്‍കൊണ്ടോ അല്ല തിംബക്തു ഇസ്ലാമികചരിത്രത്തില്‍ ഇടം പിടിച്ചത്, പകരം ലോകത്തിലെ തന്നെ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ വളരെ പഴക്കം ചെന്ന ഒരിടമെന്ന നിലയിലായിരുന്നു.

എന്നാല്‍ 2010 കാലത്തോടെ അന്‍സാറുദ്ദീന്‍ എന്ന പേരിലറിയപ്പെട്ട് ഇസ്ലാമിക തീവ്രവാദികള്‍ ഇവിടത്തെ തിംബക്തു പ്രദേശത്ത് ശക്തമാകുന്നതോടെ ആ പാരമ്പര്യം അട്ടിമറിക്കപ്പെടുകയാണ്. 2012 അവര്‍ പ്രാദേശിക ഭരണം കൈയ്യടക്കി. ശരീയത്ത് ഭരണം അവര്‍ തിംബക്തുവില്‍ നടപ്പിലാക്കിത്തുടങ്ങി. ഒട്ടേറെ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ വസിച്ചിരുന്ന തിംബക്തുവിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അവര്‍ ക്ലാസിക്കല്‍ ഇസ്ലാംപാരമ്പര്യത്തേയും നിഷേധിക്കുന്നു. സംഗീതത്തെയും സിഗരറ്റുവലിയെയും ഫുട്‌ബോളിനെയും ആണുംപെണ്ണും ഒരുമിച്ചിരിക്കുന്നതിനെയും സ്ത്രീകള്‍ കൈകാലുകള്‍ വെളിപ്പെടുത്തനതിനെയും ഒക്കെ അവര്‍ നിരോധിക്കുന്നു. ലംഘിക്കുന്നവര്‍ക്ക് ചാട്ടയടിയും കല്ലെറിഞ്ഞ് കൊല്ലലും പോലുള്ള ശിക്ഷാവിധികള്‍. വളരെ താമസിക്കാതെ ഫ്രഞ്ചു പിന്തുണയോടെ അന്‍സാറുദ്ദീനെ കെട്ടുകെട്ടിക്കാന്‍ മാലിക്കായി. എന്നാല്‍ അതിന് മുന്‍പേ തന്നെ അവിടത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് അവിടെ നിന്ന് വേദനാജനകമായ ഒരു പാലായനം വേണ്ടിവന്നു. അതടക്കം ഇസ്ലാമിക തീവ്രവാദികള്‍ ബാക്കിയാക്കിയ മുറിവുകള്‍ ചെറുതായിരുന്നില്ല.

കലയേയും സംഗീതത്തേയും സാംസ്‌ക്കാരിക ചിഹ്നങ്ങളേയും തകര്‍ത്തുകൊണ്ട് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തുന്ന ഭരണത്തേയും അതിനു കീഴില്‍ ചതഞ്ഞരയുന്ന മനുഷ്യജീവിതത്തേയുമാണ് അബ്ദുര്‍റഹ്മാന്‍ സിസാക്കോ സംവിധാനം ചെയ്ത ഈ ആഫ്രിക്കന്‍ സിനിമ നമുക്ക് കാണിച്ചു തരുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്ന വെടിയേറ്റുചിതറുന്ന മരപ്രതിമകള്‍ കാണിച്ചുതരുന്നത്. തിംബക്തുവിന്റെ മാത്രം കഥയല്ല. സാംസ്‌ക്കാരിക വൈജാത്യങ്ങളെ ഇല്ലാതാക്കാന്‍ ലോകമെമ്പാടും മതമൗലികവാദികള്‍ നടത്തുന്ന ശ്രമങ്ങളെ കൂടിയാണ്. വിരണ്ടോടുന്ന മാന്‍കുട്ടിയാകട്ടെ അതില്‍ നിന്ന് രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്ന സാധാരണജനങ്ങളേയും.
.

(രാമു)

അതിരുകളിലൊതുങ്ങാത്ത ചെറു തുരുത്തുകള്‍


(Corn Island (2014), Director: George Ovashvili, Language: Georgian, 100 min)

ഭൂമിയുടെ അവകാശികള്‍ ആരാണ്. അളന്നും മുറിച്ചും വേലിക്കെട്ടിത്തിരിച്ചും അത് സ്വന്തമാക്കാന്‍ ആരാണ് അവന് അധികാരം തന്നത്. മനുഷ്യനിര്‍മ്മിതമായ ഈ അതിരുകള്‍ ചൊരിഞ്ഞ രക്തത്തിന്റെയും എടുത്ത ജീവന്റെയും കഥകളാകുന്നു ചരിത്രത്തിന്റെ ആകത്തുക. ഈ മനുഷ്യനിര്‍മ്മിതമായ അതിരുകള്‍ക്കിടയിലും ചിലപ്പോള്‍ ആരുടേതുമല്ലാത്ത ഭൂഭാഗങ്ങള്‍ ഉയര്‍ന്നു വരും. അവിടെ പുതുജീവന്റെ നാമ്പുകള്‍ കിളിര്‍ക്കും.

1992-1993 കാലത്തെ യുദ്ധം ചുവപ്പിച്ച ഒരു നദിയുണ്ട് ജോര്‍ജ്ജിയയുടേയും റിപ്പബ്ലിക്ക് ഓഫ് അബ്കാസിസയുടെയും അതിര്‍ത്തി തിരിച്ച് കൊണ്ട ഒഴുകുന്ന എംഗ്യൂറി എന്ന മദി. അവിടെ ഓരോ കാലവര്‍ഷവും എക്കല്‍ ചെറുതുരുത്തുകളെ ബാക്കിയാക്കുന്നു. അടുത്ത കാലം വര്‍ഷം എത്തുന്നതിന് മുന്‍പേ അവിടെ കൃഷി ചെയ്ത് വിളവെടുക്കാന്‍ കര്‍ഷകരെത്തും. വെടിയുണ്ടകള്‍ ചുറ്റിലും പ്രകമ്പനം സൃഷ്ടിക്കുമ്പോഴും അവര്‍ക്ക് അവരുടെ കൃഷി നട്ടുനനച്ചു വളര്‍ത്തിയെ തീരും, കാരണം അരവയറുമായി അവര്‍ നട്ടു നനച്ച് വളര്‍ത്തുന്നത് അവരുടെ ജീവിതം തന്നെയാണ്.

അത്തരം ഒരു തുരുത്തിന്റെയും അവിടെ കൃഷിചെയ്യാനെത്തുന്ന ഒരു വൃദ്ധകര്‍ഷകന്റെയും കൗമാരത്തിലേക്ക് കാലെടുത്തുവെക്കുന്ന പേരമകളുടെയും അതിജീവനശ്രമങ്ങളെക്കുറിച്ച് പറഞ്ഞുതരികയാണ് കോണ്‍ ഐലന്‍ഡ് എന്ന ജോര്‍ജ്ജിയന്‍ സിനിമ. അതിരുകള്‍ക്കിരുപുറത്തുനിന്നുയരുന്ന വെടിയൊച്ചകളും അന്താരാഷ്ട്രരാഷ്ട്രിയവുമൊന്നും ആലോചിച്ച് വ്യാകുലപ്പെടാന്‍ അവര്‍ക്ക് സമയമില്ല. അവരുടെ സ്വപ്‌നങ്ങള്‍ ആ ചോളച്ചെടികള്‍ക്ക് ചുറ്റിലുമാണ്. സംഭാഷണങ്ങള്‍ ഒട്ടുമില്ലാതെ(7 മിനിറ്റ് മാത്രം) ഒരു കിംകിംഡുക്ക് ചിത്രം പോലെ മനോഹരമായ ഈ ജോര്‍ജ്ജിയന്‍ സിനിമ പക്ഷെ ഈ മൗനത്തിനിടയിലൂടെ പറഞ്ഞുവെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്. വംശദേശ വൈരങ്ങള്‍ക്കിടയില്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന സാധാരണ മനുഷ്യന്റെ കഥയാണിത്. അതിരുകള്‍ക്ക് കൊണ്ട് തടയിടന്‍ കഴിയാത്ത മനുഷ്യന്റെ സ്‌നേഹത്തിന്റെയും സ്വതന്ത്ര ബോധത്തിന്റെയും കഥ.

മുത്തച്ഛനോടൊപ്പം ഒരു ചെറുവള്ളത്തില്‍ വന്നിറങ്ങിയ ചെറുമകള്‍ ഋതുമതിയാകുന്നത് ഇവിടെ വെച്ചാണ് പതുക്കെ പതുക്കെ അവളും കൃഷിയിലേക്കിറങ്ങുന്നു. ഒടുവില്‍ പ്രകൃതി ദ്വീപിനോടൊപ്പം മുത്തച്ഛനെ കൂടി കൊണ്ടുപോകുമ്പോള്‍ തുഴഞ്ഞു കരപറ്റുന്നു. വീണ്ടും മഴയൊഴിഞ്ഞ് അടുത്ത കാലമെത്തുമ്പോള്‍ വന്നടിയുന്ന ദ്വീപിലേക്ക് മറ്റൊരു കര്‍ഷകന്‍ വന്നിറങ്ങുന്നു. രാഷ്ടാതിര്‍ത്തികളുടെ ബലാബലങ്ങള്‍ക്കിടയിലും അതിജീവനത്തിനുവേണ്ടി തുഴയെറിയുന്ന കര്‍ഷകരുടെ സാധാരക്കാരുടെ വര്‍ഗ്ഗ-വംശ-ദേശ കാലുഷ്യങ്ങളില്ലാത്ത ജീവിതം ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പോന്നതാകുന്നു.

വെടിയൊച്ചകള്‍ അകന്നകന്നുപോകട്ടെ സ്‌നേഹത്തിന്റെ മനുഷ്യത്തിന്റെ അതിജീവനത്തിന്റെ തുരുത്തുകളായി ഇനുയും ഇനിയും കോണ്‍ എൈലന്‍ഡുകള്‍ നോ മാന്‍സ് ലാന്‍ഡുകള്‍ ഉണ്ടാകട്ടെ.
(രാമു)


വെടിച്ചില്ലുകള്‍ക്കിടയിലെ മധുരനാരങ്ങകള്‍


(Tangerines (2013), Director: Zaza Urushadze, Filim: Georgian, Language: Estonian, 87 min )

അതിരുകളില്ലാതിരുന്ന വിശാലഭൂഭാഗങ്ങള്‍ക്കുള്ളില്‍ കെട്ടിപ്പൊക്കുന്ന അതിര്‍ത്തികള്‍ വേര്‍പ്പെടുത്തുന്ന ജീവിതങ്ങളും ബാക്കിയാക്കുന്ന ചോരക്കളങ്ങളുമാണ് സമകാലിക ചരിത്രത്തിന്റെ താളുകളിലെമ്പാടും. കാകസസ് മലനിരകളിലെ യുദ്ധം തകര്‍ത്തെറിഞ്ഞ ഭൂമികകളിലാണ് ടാഞ്ചെറിന്‍ എന്ന എസ്റ്റോണിയന്‍ സിനിമ പിറവിയെടുക്കുന്നത്. ഒരു കാലത്ത് മലയാളിയുടെ സ്വപ്‌നങ്ങളില്‍ ഹരിതാഭപടര്‍ത്തിയ മനസ്സുകളില്‍ ചുവന്ന പുഷ്പങ്ങള്‍ വിരിയിച്ച സോവിയറ്റ് യൂണിയന്‍ പലതായി ചിതറിപ്പോയപ്പോള്‍ ശേഷിപ്പിച്ചത് നിരവധി തര്‍ക്കപ്രദേശങ്ങളും കുരുതി നിലങ്ങളുമാണ്. അതിലൊന്നാണ് അബ്ഖാസിയ. റഷ്യയും ജോര്‍ജ്ജിയയും ഒരു പോലെ കൈവശപ്പെടുത്താനാഗ്രഹിക്കുന്ന ഒരു പ്രദേശം. റഷ്യയുടെ പിന്തുണയോടെ സ്വതന്ത്രമായി നില്‍ക്കാനാണ് അബ്ഖാസിയക്ക് താല്‍പര്യം. അവിടത്തെ വെടിയൊച്ചകള്‍ മുഴങ്ങിത്തുടങ്ങിയ ഒരു എസ്‌റ്റോണിയന്‍ സെറ്റില്‍മെന്റിലാണ് കഥ നടക്കുന്നത്.

19-ാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് എസ്‌റ്റോണിയന്‍ ഗ്രാമങ്ങള്‍ അബ്കാസ്മിയയില്‍ രൂപം കൊള്ളുന്നത്. 1992ല്‍ ജോര്‍ജിയന്‍-അബ്കാസ്ിയന്‍ യുദ്ധം തുടങ്ങിയതോടെ അവരില്‍ പലരും ജന്മനാട്ടിലേക്ക് തിരിച്ചുപോയി. കുറച്ചാളുകള്‍ അപ്പോഴും അവിടെ ശേഷിച്ചു. അങ്ങിനെ ശേഷിച്ച രണ്ടുപേരാണ് ഓറഞ്ച് കര്‍ഷകനായ മാര്‍ഗൂസും മരപ്പെട്ടി നിര്‍മ്മിച്ച് വില്‍ക്കുന്ന ഇവോ എന്ന വൃദ്ധനും പക്ഷെ അവരുടെ കുടുംബവും എസ്റ്റോണിയയിലെത്തി കഴിഞ്ഞു. വിളവെടുപ്പിന് ശേഷം മാര്‍ഗൂസും ഇവിടം വിട്ടു പോകും. പക്ഷെ ഇവോക്ക് ഇവിടം ഉപേക്ഷിക്കാന്‍ മനസ്സ് വരുന്നില്ല. ഈ സ്ഥലത്തെ ഞാന്‍ സ്‌നേഹിക്കുന്നു ഒപ്പം വെറുക്കുകയും ചെയ്യുന്നു എന്നാണ് ഇവോ ചെച്‌നിയന്‍ കൂലി പടയാളിയായ അഹമ്മദിനോട് പറയുന്നത്. യുദ്ധത്തിന്റെ നാളുകള്‍ക്കിടയില്‍ വിളവെടുപ്പ് വൈകുന്ന മധുരനാരങ്ങത്തോട്ടം പരിഭ്രാന്തരാക്കുന്നുണ്ട് ഇരുവരേയും. അതിനിടയിലാണ് ജോര്‍ജിയന്‍ സൈനീകരും അബികാസ്മിയുടെ കൂലിപ്പടയാളികളായ ചെച്‌നിയന്‍ പോരാളികളും ഇവോയുടെ തോട്ടത്തിനടുത്ത് വെച്ച് കണ്ടുമുട്ടുന്നത്.

ഏറ്റുമുട്ടലില്‍ നിക എന്ന ജോര്‍ജിയന്‍ സൈനികനും അബ്കാസിയക്കാര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്ന അഹമ്മദ് എന്ന ചെചെന്‍ സൈനികനും ബാക്കിയാകുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തന്റെ വീട്ടിലെ വ്യത്യസ്ത മുറികളിലായി താമസിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഇവോ. ഇരുവര്‍ക്കും പരസ്പരമുള്ള കൊലപ്പെടുത്താന്‍ പോന്നോളമുള്ള പകയുണ്ട്. അതിനിടയില്‍ ഒരു പാലമായി മാറി ഇരുവരേയും ബന്ധിപ്പിക്കുകയാണ് ഇവോ. പക പിന്നിട് ആര്‍ദ്രതയ്ക്കും പിന്നെ സൗഹദത്തിനും വഴിമാറുന്നു. ഒടുവില്‍ നിക അഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കുന്നു. നാരങ്ങയുടെ വിളവെടിപ്പിന് ശേഷംഎസ്റ്റോണിയയിലേക്കുള്ള മടക്കം കാത്തിരുന്ന മാര്‍ഗൂസിനും ജീവന്‍ നഷ്ടമാകുന്നു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ തന്നെ കൊല്ലപ്പെട്ട തന്റെ മകന്റെ കുഴിമാടത്തിനരികലാണ് ഇവോ നികയെ അടക്കം ചെയ്യുന്നത്. ഇവോയോട് യാത്ര പറഞ്ഞ് മറ്റൊരാളായി മടങ്ങുകയാണ് അഹമ്മദ്.

യുദ്ധത്തിന്റെ നിഷ്ഫലതയെപ്പറ്റി പലപ്പോഴും ചിത്രം സൂചിപ്പിക്കുന്നുണ്ട്. ജന്മനാടിന് വേണ്ടി പോരാടാനാണെന്ന് പറഞ്ഞ് യുദ്ധത്തിന് പുറപ്പെടുന്ന നാളില്‍ ഇതാരുടേയും യുദ്ധമല്ലെന്ന് ഇവോ മകനോട് പറഞ്ഞിരുന്നു. അടുത്ത മുറിയില്‍ മാരകമായി പരിക്കുപറ്റി കിടക്കുന്ന ജോര്‍ജ്ജിയന്‍ പട്ടാളക്കാരനെ വധിക്കുമെന്നും അത് തനിക്ക് വിശുദ്ധമാണെന്നും പറയുന്ന അഹമ്മദിനോട് തളര്‍ന്നു കിടക്കുന്ന ആളെ കൊല്ലുന്നതാണോ നിങ്ങളുടെ വിശുദ്ധ യുദ്ധം എന്നാണ് ഇവോ ചോദിക്കുന്നത്. ഏടുത്തപറയേണ്ട ഒന്ന് ഇവോയുടെ ശുഭാപ്തി വിശ്വാസമാണ്. നാരങ്ങ പറയ്ക്കാന്‍ ആളെക്കിട്ടാതെ ഒടുവില്‍ എല്ലാം ചേര്‍ന്ന് തീയ്യിടേണ്ടി വരും എന്ന് ആശങ്കപ്പെടുന്ന മാര്‍ഗൂസിന് ധൈര്യം കൊടുക്കുന്നത് ഇവോയാണ്. നികയേയും അഹമ്മദിനെയും വീട്ടിലാക്കി തന്റെയടുത്തേക്ക് വന്ന ഇവോയോട് അവര്‍ തമ്മില്‍ ഏറ്റുമുട്ടുമോ എന്ന് മാര്‍ഗൂസ് ചോദിക്കുന്നുണ്ട് എന്നാല്‍ അങ്ങിനെ ചെയ്യില്ലെന്ന് അവര്‍ തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന് ഇവോ പറയുന്നു. അത് വിശ്വാസത്തിലെടുക്കാന്‍ പറ്റുമോ എന്ന സംശയിക്കുന്ന മാര്‍ഗൂസിനോട് വാക്ക് പാലിക്കുന്ന മനുഷ്യര്‍ ഇപ്പോഴുമുണ്ടെന്നാണ് ഇവോ പറയുന്നത്.

ചരിത്രം പലപ്പോഴും സിനിമയില്‍ കടന്നുവരുന്നുണ്ട്. അബ്കാസ്മിയ ആരുടെ സ്ഥലമാണെന്നതിനെച്ചൊല്ലി പലപ്പോഴും നികയും അഹമ്മദും തര്‍ക്കിന്നുണ്ട്. തങ്ങളുടേതാണെന്നും ചരിത്രം പഠിക്കാനും അവര്‍ പരസ്പരം പറയുന്നുണ്ട്. ചരിത്രത്തിന്റെ പരിമിതി വളച്ചൊടിക്കലുകള്‍ ഒക്കെ ഓര്‍മ്മിപ്പിക്കുന്നു ഈ സംഭാഷണം. മറ്റൊരു പരാമര്‍ശം സിനിമയെപ്പറ്റിയാണ്. ഏറ്റുമുട്ടലില്‍ തകര്‍ന്ന വാഹനം കുന്നിന്‍ പുറത്ത് നിന്ന് താഴേക്ക് തള്ളിയിടുന്നുണ്ട് ഇവോയും മാര്‍ഗൂസും പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയ ഡോ. ജുഹാനും ചേര്‍ന്ന്. താഴേക്ക് വീണ വാഹനം പൊട്ടിത്തെറിച്ചില്ലല്ലോ എന്ന് ചോദിക്കുന്ന മാര്‍ഗൂസിനോട് സിനിമയില്‍ മാത്രമേ അങ്ങിനെ സംഭവിക്കൂ എന്ന് ഇവോ പറയുന്നു. കാലത്തെ അടയാളപ്പെടുത്താത്ത രാഷ്ട്രീയം പറയാത്ത വാണിജ്യഉത്പ്പന്നം മാത്രമായി മാറിയ സിനിമയെ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ ഇവോയിലൂടെ ചെയ്യുന്നത്. എന്തായാലും ടാന്‍ജറിന്‍സ് അങ്ങിനെയുള്ള ഒരു സിനിമയല്ല. അത് കാലം ആവശ്യപ്പെടുന്ന ശക്തമായ ഒരു രാഷ്ട്രിയ സിനിമായണ് ഒരു യുദ്ധവിരുദ്ധ ചിത്രമാണ്. മനുഷ്യന്റെ നന്മകളിലും മാനവീകതയിലും വിശ്വാസമര്‍പ്പിക്കുക തന്നെയാണ് ഇവോ എന്ന ധീരനായ ശുഭാപ്തിവിശ്വാസിയായ വൃദ്ധനിലൂടെ സംവിധായകന്‍