(Timbuktu (2014), Director: Abderrahmane Sissako, Language: Arabic, 97 min)
മതവും ആഗോളീകരണവും 'തിംബുക്തു' തരുന്ന കാഴ്ച്ചകള്‍
ആഗോളീകരണം മതത്തെയും സംസക്കാരങ്ങളെയും തകര്‍ക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുന്നത് മതപൗരോഹിത്യമാണ്. പക്ഷെ മതം പ്രാദേശിക സംസ്‌ക്കാരങ്ങളെ തകര്‍ത്തെറിഞ്ഞതുപോലെ ആഗോളവല്‍ക്കരണം സംസ്‌ക്കാരങ്ങളെ ഉന്‍മൂലനം ചെയ്തിട്ടില്ല. പ്രാദേശികമായ ദേശ,ഭാഷ,കലാ-സാംസ്‌ക്കാരിക ഭേദങ്ങളെയൊക്കെ ഇല്ലാതാക്കി ഏക ശിലയിലേക്ക് സമൂഹങ്ങളെ വാര്‍ത്തെടുക്കുന്ന മതത്തിന്റെ ആസുരതയാണ് തിംബക്തു നമുക്ക് കാണിച്ച് തരുന്നത്. ഗോത്രജീവിതത്തിന്റെയും അതിന്റെ ഭാഗമായ ഒട്ടേറെ ആചാരാനുഷ്ടാനങ്ങളുടേയും തദ്ദേശീയമായ കലയുടെയും സംഗീതത്തിന്റെയും എല്ലാം വിളനിലമായിരുന്ന ആഫ്രിക്കയുടെ സാംസ്‌ക്കാരിക വൈവിധ്യം ആദ്യം ഇല്ലാതാക്കിയത് കോളനിവത്ക്കരമാണ് അതോടൊപ്പം വിശ്വാസപ്രചരണത്തിനെത്തിയ സഭ തകര്‍ന്ന പ്രാദേശികസംസ്‌കൃതികള്‍ക്ക് മുകളിലായി അതിന്റെ ഘടന പടുത്തുയര്‍ത്തിയതോടെ നാശത്തിന്റെ മറ്റൊരുഘട്ടത്തിലേക്ക് ഇവിടം കാലെടുത്തുവെച്ചു. ഇന്നാകട്ടെ ഇസ്ലാമിക തീവ്രവാദം ശേഷിക്കുന്ന സംസ്‌കൃതി കൂടി ഇല്ലാതാക്കുകയും സുകുമാര കലകളെ ഒട്ടാകെ നിഷേധിക്കുകയും ചെയ്യുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാണ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലി. ആഫ്രിക്കന്‍ സംഗീതത്തിലെ പല പ്രതിഭകളും മാലിയില്‍ നിന്നുള്ളകരായിരുന്നു. എല്ലാവര്‍ഷവും മാലിയിലെ എസ്സകേനില്‍ നടക്കുന്ന ആഫ്രിക്കന്‍ സംഗീതോത്സവമായ ദി ഫെസ്റ്റിവല്‍ ഇന്‍ ഡെസേര്‍ട്ട് വളരെ പ്രസിദ്ധമാണ്. ഫ്രഞ്ച് കോളനിയായ മാലി 1960 ല്‍ സ്വതന്ത്രം നേടിയെങ്കിലും 1992ല്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ തികഞ്ഞ രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോയത്. അതി പുരാതനമായ ഒരു സംസ്‌ക്കാരം നിലനിന്നിരുന്ന മാലിയില്‍ ക്രൈസ്തവ - ഇസ്ലാം സംസ്‌ക്കാരങ്ങള്‍ അതിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കടന്നുവരുന്നുണ്ട്. ക്ലാസ്‌ക്കല്‍ ഇസ്ലാം അതിന്റെ സ്ഥായീഭാവത്തില്‍ നില നിന്നിരുന്ന ഇടങ്ങളിലൊന്നായിരുന്നു സുഡാനൊപ്പം ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യവും അവിടത്തെ ചെറുനഗരമായ തിംബക്തുവും. വാളുകൊണ്ടോ യുദ്ധങ്ങള്‍കൊണ്ടോ അല്ല തിംബക്തു ഇസ്ലാമികചരിത്രത്തില്‍ ഇടം പിടിച്ചത്, പകരം ലോകത്തിലെ തന്നെ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ വളരെ പഴക്കം ചെന്ന ഒരിടമെന്ന നിലയിലായിരുന്നു.
എന്നാല്‍ 2010 കാലത്തോടെ അന്‍സാറുദ്ദീന്‍ എന്ന പേരിലറിയപ്പെട്ട് ഇസ്ലാമിക തീവ്രവാദികള്‍ ഇവിടത്തെ തിംബക്തു പ്രദേശത്ത് ശക്തമാകുന്നതോടെ ആ പാരമ്പര്യം അട്ടിമറിക്കപ്പെടുകയാണ്. 2012 അവര്‍ പ്രാദേശിക ഭരണം കൈയ്യടക്കി. ശരീയത്ത് ഭരണം അവര്‍ തിംബക്തുവില്‍ നടപ്പിലാക്കിത്തുടങ്ങി. ഒട്ടേറെ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ വസിച്ചിരുന്ന തിംബക്തുവിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അവര്‍ ക്ലാസിക്കല്‍ ഇസ്ലാംപാരമ്പര്യത്തേയും നിഷേധിക്കുന്നു. സംഗീതത്തെയും സിഗരറ്റുവലിയെയും ഫുട്‌ബോളിനെയും ആണുംപെണ്ണും ഒരുമിച്ചിരിക്കുന്നതിനെയും സ്ത്രീകള്‍ കൈകാലുകള്‍ വെളിപ്പെടുത്തനതിനെയും ഒക്കെ അവര്‍ നിരോധിക്കുന്നു. ലംഘിക്കുന്നവര്‍ക്ക് ചാട്ടയടിയും കല്ലെറിഞ്ഞ് കൊല്ലലും പോലുള്ള ശിക്ഷാവിധികള്‍. വളരെ താമസിക്കാതെ ഫ്രഞ്ചു പിന്തുണയോടെ അന്‍സാറുദ്ദീനെ കെട്ടുകെട്ടിക്കാന്‍ മാലിക്കായി. എന്നാല്‍ അതിന് മുന്‍പേ തന്നെ അവിടത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് അവിടെ നിന്ന് വേദനാജനകമായ ഒരു പാലായനം വേണ്ടിവന്നു. അതടക്കം ഇസ്ലാമിക തീവ്രവാദികള്‍ ബാക്കിയാക്കിയ മുറിവുകള്‍ ചെറുതായിരുന്നില്ല.
കലയേയും സംഗീതത്തേയും സാംസ്‌ക്കാരിക ചിഹ്നങ്ങളേയും തകര്‍ത്തുകൊണ്ട് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തുന്ന ഭരണത്തേയും അതിനു കീഴില്‍ ചതഞ്ഞരയുന്ന മനുഷ്യജീവിതത്തേയുമാണ് അബ്ദുര്‍റഹ്മാന്‍ സിസാക്കോ സംവിധാനം ചെയ്ത ഈ ആഫ്രിക്കന്‍ സിനിമ നമുക്ക് കാണിച്ചു തരുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്ന വെടിയേറ്റുചിതറുന്ന മരപ്രതിമകള്‍ കാണിച്ചുതരുന്നത്. തിംബക്തുവിന്റെ മാത്രം കഥയല്ല. സാംസ്‌ക്കാരിക വൈജാത്യങ്ങളെ ഇല്ലാതാക്കാന്‍ ലോകമെമ്പാടും മതമൗലികവാദികള്‍ നടത്തുന്ന ശ്രമങ്ങളെ കൂടിയാണ്. വിരണ്ടോടുന്ന മാന്‍കുട്ടിയാകട്ടെ അതില്‍ നിന്ന് രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്ന സാധാരണജനങ്ങളേയും.
.
(രാമു)

No comments:
Post a Comment