(Corn Island (2014), Director: George Ovashvili, Language: Georgian, 100 min)
ഭൂമിയുടെ അവകാശികള്‍ ആരാണ്. അളന്നും മുറിച്ചും വേലിക്കെട്ടിത്തിരിച്ചും അത് സ്വന്തമാക്കാന്‍ ആരാണ് അവന് അധികാരം തന്നത്. മനുഷ്യനിര്‍മ്മിതമായ ഈ അതിരുകള്‍ ചൊരിഞ്ഞ രക്തത്തിന്റെയും എടുത്ത ജീവന്റെയും കഥകളാകുന്നു ചരിത്രത്തിന്റെ ആകത്തുക. ഈ മനുഷ്യനിര്‍മ്മിതമായ അതിരുകള്‍ക്കിടയിലും ചിലപ്പോള്‍ ആരുടേതുമല്ലാത്ത ഭൂഭാഗങ്ങള്‍ ഉയര്‍ന്നു വരും. അവിടെ പുതുജീവന്റെ നാമ്പുകള്‍ കിളിര്‍ക്കും.
1992-1993 കാലത്തെ യുദ്ധം ചുവപ്പിച്ച ഒരു നദിയുണ്ട് ജോര്‍ജ്ജിയയുടേയും റിപ്പബ്ലിക്ക് ഓഫ് അബ്കാസിസയുടെയും അതിര്‍ത്തി തിരിച്ച് കൊണ്ട ഒഴുകുന്ന എംഗ്യൂറി എന്ന മദി. അവിടെ ഓരോ കാലവര്‍ഷവും എക്കല്‍ ചെറുതുരുത്തുകളെ ബാക്കിയാക്കുന്നു. അടുത്ത കാലം വര്‍ഷം എത്തുന്നതിന് മുന്‍പേ അവിടെ കൃഷി ചെയ്ത് വിളവെടുക്കാന്‍ കര്‍ഷകരെത്തും. വെടിയുണ്ടകള്‍ ചുറ്റിലും പ്രകമ്പനം സൃഷ്ടിക്കുമ്പോഴും അവര്‍ക്ക് അവരുടെ കൃഷി നട്ടുനനച്ചു വളര്‍ത്തിയെ തീരും, കാരണം അരവയറുമായി അവര്‍ നട്ടു നനച്ച് വളര്‍ത്തുന്നത് അവരുടെ ജീവിതം തന്നെയാണ്.
അത്തരം ഒരു തുരുത്തിന്റെയും അവിടെ കൃഷിചെയ്യാനെത്തുന്ന ഒരു വൃദ്ധകര്‍ഷകന്റെയും കൗമാരത്തിലേക്ക് കാലെടുത്തുവെക്കുന്ന പേരമകളുടെയും അതിജീവനശ്രമങ്ങളെക്കുറിച്ച് പറഞ്ഞുതരികയാണ് കോണ്‍ ഐലന്‍ഡ് എന്ന ജോര്‍ജ്ജിയന്‍ സിനിമ. അതിരുകള്‍ക്കിരുപുറത്തുനിന്നുയരുന്ന വെടിയൊച്ചകളും അന്താരാഷ്ട്രരാഷ്ട്രിയവുമൊന്നും ആലോചിച്ച് വ്യാകുലപ്പെടാന്‍ അവര്‍ക്ക് സമയമില്ല. അവരുടെ സ്വപ്‌നങ്ങള്‍ ആ ചോളച്ചെടികള്‍ക്ക് ചുറ്റിലുമാണ്. സംഭാഷണങ്ങള്‍ ഒട്ടുമില്ലാതെ(7 മിനിറ്റ് മാത്രം) ഒരു കിംകിംഡുക്ക് ചിത്രം പോലെ മനോഹരമായ ഈ ജോര്‍ജ്ജിയന്‍ സിനിമ പക്ഷെ ഈ മൗനത്തിനിടയിലൂടെ പറഞ്ഞുവെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്. വംശദേശ വൈരങ്ങള്‍ക്കിടയില്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന സാധാരണ മനുഷ്യന്റെ കഥയാണിത്. അതിരുകള്‍ക്ക് കൊണ്ട് തടയിടന്‍ കഴിയാത്ത മനുഷ്യന്റെ സ്‌നേഹത്തിന്റെയും സ്വതന്ത്ര ബോധത്തിന്റെയും കഥ.
മുത്തച്ഛനോടൊപ്പം ഒരു ചെറുവള്ളത്തില്‍ വന്നിറങ്ങിയ ചെറുമകള്‍ ഋതുമതിയാകുന്നത് ഇവിടെ വെച്ചാണ് പതുക്കെ പതുക്കെ അവളും കൃഷിയിലേക്കിറങ്ങുന്നു. ഒടുവില്‍ പ്രകൃതി ദ്വീപിനോടൊപ്പം മുത്തച്ഛനെ കൂടി കൊണ്ടുപോകുമ്പോള്‍ തുഴഞ്ഞു കരപറ്റുന്നു. വീണ്ടും മഴയൊഴിഞ്ഞ് അടുത്ത കാലമെത്തുമ്പോള്‍ വന്നടിയുന്ന ദ്വീപിലേക്ക് മറ്റൊരു കര്‍ഷകന്‍ വന്നിറങ്ങുന്നു. രാഷ്ടാതിര്‍ത്തികളുടെ ബലാബലങ്ങള്‍ക്കിടയിലും അതിജീവനത്തിനുവേണ്ടി തുഴയെറിയുന്ന കര്‍ഷകരുടെ സാധാരക്കാരുടെ വര്‍ഗ്ഗ-വംശ-ദേശ കാലുഷ്യങ്ങളില്ലാത്ത ജീവിതം ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പോന്നതാകുന്നു.
വെടിയൊച്ചകള്‍ അകന്നകന്നുപോകട്ടെ സ്‌നേഹത്തിന്റെ മനുഷ്യത്തിന്റെ അതിജീവനത്തിന്റെ തുരുത്തുകളായി ഇനുയും ഇനിയും കോണ്‍ എൈലന്‍ഡുകള്‍ നോ മാന്‍സ് ലാന്‍ഡുകള്‍ ഉണ്ടാകട്ടെ.
(രാമു)
No comments:
Post a Comment