Friday, 16 June 2017

ഫാസിസം, നിയമപാലകര്‍, ന്യായവിധികള്‍ - ന്യൂറംബര്‍ഗ് വിചാരണകള്‍ ചരിത്രത്തില്‍ ശേഷിപ്പിക്കുന്നത്...


Three-judge panel

പശു ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ദിവ്യമൃഗമാണെന്നും മയില്‍ ഗര്‍ഭിണിയാകുന്നത് ലൈംഗിക ബന്ധത്തിലൂടെയല്ല എന്നുമൊക്കെയുള്ള സമകാലിക ഇന്ത്യന്‍ ന്യായാധിപ പ്രസ്താവങ്ങളുടെ പശ്ചാത്തലത്തിലാണ് ജഡ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ് [Judgment at Nuremberg (1961) | Director: Stanley Kramer | 3h 6min | Drama, War | 18 December 1961 (Sweden)] എന്ന ഹോളോകോസ്റ്റ് ചിത്രം വീണ്ടും കാണാനായി തിരഞ്ഞെടുത്തത്‌. ചരിത്രത്തില്‍ നിന്ന് നാമൊന്നും പഠിക്കുന്നില്ല. അല്ലെങ്കില്‍ ചരിത്രം വിണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്, അല്ലെങ്കില്‍ ആവര്‍ത്തിക്കപ്പെടാന്‍ നാം തന്നെ കളമൊരുക്കുന്നത് എന്തിനു വേണ്ടിയാണ്.

Defense counsel Hans Rolfe & prosecutor Col. Tad Lawson

ലോകം അന്നോളം കണ്ടിട്ടില്ലാത്ത കൊടും ക്രൂരതകളാണ് നാസിഭരണകാലത്ത് ജര്‍മ്മനിയില്‍ നടന്നത്. എന്നാല്‍ പൂര്‍ണ്ണതോതില്‍ അത് വെളിവാക്കപ്പെടുന്നത് യുദ്ധാനന്തരമാണ്. നാസി കുറ്റവാളികളെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണം എന്നായിരുന്നു സ്റ്റാലിന്റെ പക്ഷം, എന്നാല്‍ പ്രശ്‌നപരിഹാരത്തിന് അത് ഉതകില്ലെന്നും നീതിയുക്തമായ വിചാരണയിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്നുമായിരുന്നു മറ്റു സംഖ്യകക്ഷിനേതാക്കളുടെ അഭിപ്രായം. യുദ്ധക്കുറ്റവാളികളില്‍ പ്രധാനികളായിരുന്ന ഹിറ്റ്‌ലറും ഹിംലറും ഗീബല്‍സുമടക്കം പലരും യുദ്ധാവസാനത്തിന് മുന്‍പെ തന്നെ ആത്മഹത്യചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. ശേഷിച്ച യുദ്ധക്കുറ്റവാളികളെയാണ് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നത്. മൊത്തം 13 വിചാരണകളാണ് അന്താരാഷ്ട്ര സൈനിക ട്രെബ്യൂണലിന്റെ നേതൃത്ത്വത്തില്‍ ന്യൂറംബര്‍ഗില്‍ നടന്നത് അതില്‍ മൂന്നാമത്തേതായിരുന്നു ന്യായാധിപന്‍മാര്‍ക്കെതിരായ വിചാരണ. അതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

Nuremberg rally, 1937

നാസിപാര്‍ട്ടിയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരിടമാണ് ന്യുറംബര്‍ഗ്. ഇവിടെ വെച്ചാണ് പാര്‍ട്ടിയുടെ പടുകൂറ്റന്‍ റാലികള്‍ നടന്നത്. ഇവിടെ വെച്ചു തന്നെയാണ് 1935 സെപ്റ്റംബര്‍ 15 ന് കുപ്രസിദ്ധ ജൂതവിരുദ്ധ നിയമങ്ങള്‍ ഹിറ്റ്‌ലര്‍ പുറത്തിറക്കിയത്. ഇവിടത്തെ നിയമകാര്യാലയത്തില്‍ വെച്ചാണ് (ചിലതൊക്കെ ഇപ്പോള്‍ വിചാരണ നടക്കുന്ന കോടതി മുറിയില്‍ വെച്ച്) നിയമസംഹിതകളെ തന്നെ കളങ്കപ്പെടുത്തിയ പല വിധികളും ഭരണകൂടത്തിന് വേണ്ടി ന്യായാധിപര്‍ പുറപ്പെടുവിച്ചത്. അതേ ന്യൂറം ബര്‍ഗില്‍ വെച്ച് തന്നെ അവരും വിചാരണ ചെയ്യപ്പെടുന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി.

രണ്ടാം ലോകമഹായുദ്ധം കല്‍ക്കൂമ്പാരമാക്കിയ ന്യൂറംബര്‍ഗിലേക്ക്  1948 ലെ ഒരു സായാഹ്നത്തില്‍ ലളിത ജീവിതം ഇഷ്ടപ്പെടുന്ന തികഞ്ഞ പാകതയും ചെയ്യാന്‍ പോകുന്ന ജോലിയുടെ ഉത്തരവാദിത്ത്വത്തെക്കുറച്ച് നല്ല ബാധ്യവുമുള്ള അമേരിക്കന്‍ ജഡ്ജായ ഡാന്‍ ഹെവുഡ് എത്തിച്ചേരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ ജോലി എറ്റെടുക്കാന്‍ പലരും തയ്യാറായിരുന്നില്ല. വിചാരണക്ക് വിധേയരാകുന്നത് ജര്‍മ്മനിയിലെ പഴയ ന്യായാധിപന്‍മാരാണ് എന്നതു കൊണ്ട് മാത്രമല്ല അത്. ആ വിചാരണ മുഴുവന്‍ ലോകവും പ്രത്യേകിച്ച് നിയമലോകം സസുക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. ഭാവിയില്‍ ആ ന്യായവിധികള്‍ ഇഴ കീറി പരിശോധിക്കപ്പെടുകയും ചെയ്യും. ജര്‍മ്മനിയിലെ മുഖ്യന്യായാധിപനും നിയമന്ത്രിയും ലോകത്തിലെ തന്നെ അക്കാലത്തെ അറിയപ്പെടുന്ന നിയമജ്ഞനുമൊക്കെയായിരുന്ന ഏണസ്റ്റ് യാനിങ്ങ് ആണ് പ്രതിക്കൂട്ടിലെ പ്രധാനി. നിയമത്തിന്റെ പര്യയമായാണ് ഒരു കാലത്ത് യാനിങ്ങിനെ കണ്ടിരുന്നത്. യാനിങ്ങിന്റെ നിയമ പുസ്തകങ്ങള്‍ ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളിലെയും പാഠപുസ്തകങ്ങളാണ്. എന്നിട്ടും എങ്ങിനെയാണ് അദ്ദേഹം നാസിസത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നിയമത്തെ ദുര്‍വ്യാഖ്യാനിച്ച്, വളച്ചൊടിച്ച് ഫാസിസ്റ്റുകള്‍ക്ക് കുഴലൂതിയത്. ന്യായാധിപന്‍മാരുടെ നീതിബോധവും ധാര്‍മ്മികതയും അധികാരവുമായി ബന്ധപ്പെട്ടതാണോ. നിലനിലക്കുന്ന ഭരണകൂടത്തിന്റെ ഇച്ഛകള്‍കപ്പുറം നിയമത്തിന് സ്വന്തമായൊരിടമില്ലേ ?

Nuremberg after world war 2

പ്രോസിക്യൂഷന്റെ കുറ്റാരോപണങ്ങളോട് താന്‍ ട്രൈബ്യൂണലിന്റെ അധികാരത്തെ അംഗീകരിക്കുന്നില്ല എന്ന മറുപടിയാണ് യാനിങ്ങ് പറയുന്നത്. അതുകൊണ്ടുതന്നെ നടപടികളോട് സഹകരിക്കുന്നുമില്ല. 'നിങ്ങള്‍ വര്‍ഷങ്ങളോളം ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് നിഷേധിച്ചതാണ് നിങ്ങള്‍ക്ക് ലഭ്യമായത്, നീതിയുക്തമായ വിചാരണ' പ്രോസിക്യൂഷന്‍ യാനിയെയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ വിധി പറയുന്നത് കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അല്ലാതെ വികാരങ്ങളുടെയോ ആശയങ്ങളുടേയൊ പേരിലാകില്ല. ജര്‍മ്മന്‍ ന്യായാധിപന്‍മാര്‍ക്ക് വേണ്ടി ഹാജരാകുന്ന പ്രതിഭാഗം വക്കീല്‍ ഹാന്‍സ് റോള്‍ഫ് പറയുന്നത് നിയമമെന്നത് സാമൂഹ്യസാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ്. അതാത് സമയങ്ങളില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളുടെ ആശയാഭിലാഷങ്ങളായിരിക്കും സ്വാഭാവികമായും അവരുണ്ടാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കപ്പെടുക വഴി ന്യായാധിപര്‍ ചെയ്യേണ്ടി വരിക അതിന് അവരെ കുറ്റപെടുത്താനാകില്ല.

പ്രോസിക്യൂഷന് വേണ്ടിയെത്തുന്ന കേണല്‍ ടാഡ് ലോസണ്‍ യുദ്ധത്തിന്റെ അവസാന നാളുകളില്‍ ജര്‍മ്മനിയില്‍ പോരാടിയ അമേരിക്കന്‍ പടനായകരിലൊരാളാണ്. കോണ്‍സട്രേഷന്‍ ക്യാമ്പിന്റെ ഭീകരത ആദ്യം കണ്ടറിഞ്ഞ പുറം ലോകത്ത് നിന്നുള്ള ഒരാള്‍. അതു കൊണ്ടു തന്നെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന വാശിയോടെ ലഭ്യമായ മുഴുവന്‍ സാക്ഷികളെയും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹം കോടതിക്ക് മുന്നില്‍ കൊണ്ടു വരുന്നതും. എന്നാല്‍ കേസ് മുന്നോട്ട് പോകുന്നതോടെ പ്രതിഭാഗം വക്കീല്‍ അസ്വസ്ഥനാകുന്നുണ്ട്. ജര്‍മ്മനിക്ക് ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസാന അവസരവും ഈ വിചാരണ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

  Accused German judges and prosecutors

ജര്‍മ്മന്‍ വാസത്തിനിടക്ക് മുഖ്യനായാധിപനായ ഡാന്‍ പലരോടും നാസി കാലത്തെക്കുറിച്ച അന്വേഷിക്കുന്നുണ്ട് അവരൊക്കെ പറയുന്നത്. തങ്ങള്‍ക്ക് ഹിറ്റലര്‍ ചെയ്തതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ്. ഇനി അഥവാ ചിലതെല്ലാം അറിഞ്ഞിരുന്നെങ്കില്‍ തന്നെ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമായിരുന്നെന്നും അവര്‍ കൈമലര്‍ത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തന്റെ മകനായി പോയി എന്നതിന്റെ പേരില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനായ റുഡോല്‍ഫ് പീറ്റര്‍സണ്‍ നാസി കാലത്തെ തന്റെ വിചാരണയെക്കുറിച്ച് ട്രെബ്യൂണലില്‍ വിവരിക്കുന്നുണ്ട്. രാജദ്രേഹക്കുറ്റമാരോപിച്ച് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തോട് ഹിറ്റ്‌ലറുടെയും ഹിംലറുടെയും ജന്മദിനം എന്നാണെന്നാണ് കോടതി ചോദിക്കുന്നത്. അത് തനിക്കറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നും പറഞ്ഞ പീറ്റര്‍സണ്‍ ശിക്ഷക്ക് വിധേയനാകുന്നു. വംശമലിനീകരണ കുറ്റം ചുമത്തി തൂക്കിലേറ്റിയ ഒരു ജൂതവ്യപാരിയുടെ കേസില്‍ വ്യാപാരി ബന്ധപ്പെട്ടു എന്ന ആരോപിക്കപ്പെട്ട അന്ന് 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പിന്നീട് ട്രൈബ്യൂണലിന് മുന്നിലെത്തുന്ന മറ്റൊരു സാക്ഷി. തന്നെ മകളെപ്പോലെ മാത്രം കണ്ടിരുന്ന ആ വ്യാപാരിയെ ഇല്ലായ്മചെയ്യാന്‍ മാത്രം തയ്യാറാക്കിയ കള്ളക്കഥയായിരുന്നു അതെന്നും ഈ ന്യായാധിപന്‍മാര്‍ അടക്കമുള്ളവര്‍ അതിന്റെ ഭാഗമായിരുന്നെന്നും അവര്‍ വിശദീകരിക്കുന്നു. വിചാരണയുടെ ഒരു ഘടത്തില്‍ കോണ്‍സട്രോഷന്‍ ക്യാമ്പിന്റെ ഭീകരദൃശ്യങ്ങള്‍ പോസിക്യൂഷന്‍ കോടതിയെ കാണിക്കുന്നുണ്ട്.

Nuremberg laws against jews 1935

ഒടുവില്‍ തന്റെ വക്കീലിന്റെ തടസ്സം മറികടന്ന് യാനി കോടതിയില്‍ കുറ്റമേറ്റു പറയുകയാണ്. തങ്ങള്‍ക്ക് ജര്‍മ്മന്‍ ജനതക്ക് എല്ലാമറിയാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. തങ്ങളടോപ്പം ജീവിച്ചിരുന്ന ഒരു കുട്ടം ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയിറക്കിയപ്പോള്‍ അവര്‍ക്കെതിരായി കരിനിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അവരെ തെരുവില്‍ അധിക്ഷേപിച്ചപ്പോള്‍ വേട്ടയാടിയപ്പോള്‍ ചരക്കുതീവണ്ടികളില്‍ കുത്തി നിറച്ച് കൊണ്ടുപോയപ്പോള്‍ ഒക്കെ ജര്‍മ്മന്‍ ജനത അറിയുന്നുണ്ടായിരുന്നു തങ്ങള്‍ക്ക് ചുറ്റും എന്താണ് തങ്ങള്‍ക്കു ചുറ്റും നടക്കുന്നതെന്ന്. അഴിമതിക്കാരും വംശവെറിക്കാരുമൊക്കെയായ തന്റെ സഹ ന്യായാധിപന്‍ മാര്‍ക്കും അറിയാമായിരുന്നു തങ്ങളെന്താണ് ചെയ്യുന്നതെന്ന് അവരെക്കാളൊക്കെയേറെ താനും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ് എന്തെന്ന് വെച്ചാല്‍ അവരൊക്കെ / തന്റെ സഹപ്രവര്‍ത്തകരൊക്കെ എത്തരക്കാരാണെന്ന് ഉത്തമബോധ്യം ഉണ്ടായിയിട്ടും താനും അവരോടൊപ്പം ചേര്‍ന്നു എന്നതുകൊണ്ട് തന്നെ.

വിചാരണകള്‍ മുന്നേറവെ തന്നെ മറ്റു ചില അന്തര്‍ നാടകങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു. റഷ്യയും അമേരിക്കയും തമ്മില്‍ ജര്‍മ്മനിയിലും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലും അധിനിവേശം നടത്തിയ സ്ഥലങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. ശീതയുദ്ധം അതിന്റെ ആരംഭം കുറിച്ചിരുന്നു. കിഴക്കന്‍ ജര്‍മ്മനി കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. യൂറോപ്പിനെ വിഴുങ്ങിത്തുടങ്ങിയ കമ്മ്്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഭീതിയില്‍ ജര്‍മ്മന്‍കാരെ കൂടെ നിര്‍ത്തേണ്ടതുണ്ട് എന്ന് അമേരിക്ക ചിന്തിച്ചു തുടങ്ങിയിരുന്നു. നീണ്ടു പോകുന്ന വിചാരണകളും അതിനെ തുടര്‍ന്നുണ്ടാകുന്ന ശിക്ഷാവിധികളും ജര്‍മ്മനിയെ കൂടെ നിര്‍ത്താന്‍ സഹായകരമാകില്ല എന്ന് തിരിച്ചറിവില്‍ പ്രതികളെ വെറുവിട്ടോ അല്ലെങ്കില്‍ ലഘുവായ ശിക്ഷകള്‍ മാത്രം നല്‍കിയോ വിചാരണ വേഗത്തില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പട്ടാളമേധാവികള്‍ പ്രോസിക്യൂഷന് മേലെ പ്രത്യക്ഷമായും ജഡ്ജിനു മേലെ പരോക്ഷമായും സമ്മര്‍ദ്ധം ചെലുത്തിതുടങ്ങിയിരുന്നു. എന്നാല്‍ അവരിരുവരും അതിന് തയ്യാറാകുന്നില്ല. ന്യായാധിപന്‍മാര്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുന്നു.
 Dr. Ernst Janning

മറ്റു ഹോളോകോസ്റ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കോണ്‍സണ്‍ട്രേഷന്‍ ക്യമ്പുകളുടെ ചില ദൃശ്യങ്ങളൊഴിച്ചാല്‍ നാസി ഭീകരത പ്രത്യക്ഷമായി പ്രദര്‍ശിപ്പിച്ച ഒരു ചിത്രമല്ല ഇത്. പക്ഷെ വിചാരണകളിലൂടെ തെളിയുന്ന നാസി കാലഘട്ടത്തിന്റെ ചിത്രം നമ്മെ വിറയല്‍ കൊള്ളിക്കുക തന്നെ ചെയ്യും. പതിവ് ഹോളിവുഡ് ചിത്രങ്ങളില്‍ പ്രകടമാകുന്ന അമേരിക്കന്‍ ദേശിയതയെ പറ്റിയുള്ള ചില പുകഴ്ത്തലുകളും ചെറിയ ചില പക്ഷപാതിത്ത്വങ്ങളും മാറ്റിനിറുത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ്. സമകാലിക ഇന്ത്യന്‍ പരിസരത്ത് നിന്നുകൊണ്ട് ഈ ചിത്രത്തെ കാണുമ്പോള്‍ എന്താണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങിനെത്തന്നെ അത് മുന്നോട്ട് പോയാല്‍ നാളെ എന്തായിരിക്കും നടക്കാന്‍ പോകുക എന്ന് അത് നമുക്ക് വ്യക്തമാക്കിത്തരും തീര്‍ച്ച.
പ്രമോദ് (രാമു)

Wednesday, 30 November 2016

മലമുകളിലെ വേട്ടമൃഗങ്ങള്‍

Wolf Totem |2015| 2h 1min |Adventure|China
ക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ചൈനീസ് സാംസ്‌കാരിക വിപ്‌ളവത്തിന്റെ അമ്പതാം വാര്‍ഷികം. ചൈനീസ് സര്‍ക്കാരും മാധ്യമങ്ങളും പക്ഷെ അതിനെക്കുറിച്ച് എങ്ങും ഓര്‍മ്മിപ്പിച്ചില്ല, പരമാര്‍ശിച്ചില്ല. 1966ല്‍ തുടങ്ങിയ സാംസ്‌കാരിക വിപ്‌ളവം 1976ല്‍ മാവോയുടെ മരണത്തോടുകൂടിയാണ് അവസാനിക്കുന്നത്. സാംസ്‌കാരിക വിപ്‌ളവത്തെ 1981ല്‍ ഔദ്യോഗികമായിത്തന്നെ പാര്‍ട്ടി തള്ളിപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാകണം സാംസ്‌കാരികവിപ്‌ളവകാലത്തെ കുറിച്ചുള്ള 'വൂള്‍ഫ് ടോട്ടം' എന്ന സിനിമ മികച്ച വിദേശഭാഷാ ചിത്രത്തിനുവേണ്ടിയുള്ള ചൈനയുടെ ഔദ്യോഗിക എന്‍ട്രിയായി കഴിഞ്ഞ വര്‍ഷം ഓസ്‌ക്കാറിലെത്തിയത്.

സാംസ്‌ക്കാരിക വിപ്‌ളവം ഉഴുതുമറിക്കുന്ന 1967ലാണ്  സിനിമ തുടങ്ങുന്നത്. ബീജിങ്ങിലെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് ശേഷം ചൈനക്ക് കീഴിലെ സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗളിയയിലെ ഗ്രാമപ്രദേശത്തേക്ക് ഗോത്രവര്‍ഗ്ഗക്കാരെ സഹായിക്കാനും അവരില്‍ നിന്നും പഠിക്കാനുമായി പോകുകയാണ് ചെന്‍ഷെന്‍, യാങ്ങ് കെ എന്നീ രണ്ട് വിദ്യര്‍ത്ഥികള്‍. സാംസ്‌ക്കാരിക വിപ്‌ളവം യുവാക്കളോട് ആവശ്യപ്പെട്ടത് കര്‍ഷകര്‍ക്ക് ശിഷ്യപ്പെടാനായിരുന്നു. സാംസ്‌കാരിക വിപ്‌ളവത്തിലൂടെ മാവോ പകര്‍ന്നു നല്‍കുന്ന ആവേശം അന്നത്തെ ബീജിങ്ങ് ദൃശ്യങ്ങളില്‍ മാത്രമല്ല അവരുടെ മുഖത്തും പ്രകടമാകുന്നുണ്ട്. മനോഹരമായ ചൈനീസ് ഗ്രാമങ്ങളിലുടെയുള്ള യാത്രയുടെ ഒടുവില്‍ അവര്‍ മംഗോളിയന്‍ ഇടയ ഗ്രാമത്തിലെത്തുന്നു. ഹൃദ്യമായ സ്വീകരണമാണ് അവര്‍ക്ക് ലഭിക്കുന്നത്. അവിടത്തെ ഗോത്രത്തലവന് പാര്‍ട്ടിയുടെ പ്രാദേശിക ചുമതയുള്ള ലീഡര്‍ അവരെ പരിചയപ്പെടുത്തുന്നു. ലീഡറെന്നാല്‍ റഷ്യയിലെ പൊളിറ്റിക്കല്‍ കമ്മിസാര്‍ പോലെ ഒരു പദവി. 

ഗോത്രത്തലവനാകട്ടെ നിരീക്ഷണങ്ങളിലും ജീവിതപരിചയത്തിലും സിയാറ്റിനിലെ റെഡ് ഇന്ത്യന്‍ മൂപ്പനെ അനുസ്മരിപ്പിക്കുന്നു. കാലാവസ്ഥയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റയുടെ ലഭ്യതക്കുമൊപ്പം മാറിമാറി തമ്പടിക്കുന്നക്കുന്നവരാണ് മംഗോളിലെ ഗ്രാമീണര്‍. അവരുടെ തമ്പുകളിലൊന്നില്‍ വിദ്യര്‍ത്ഥികള്‍ക്ക് താമസമൊരുക്കുന്നു. പതുക്കെ പതുക്കെ അവര്‍ ഗോത്രജീവിതവുമായി അലിഞ്ഞ് ചേരുന്നു. പ്രകൃതിയുമായി വളരെയധികം താദാത്മ്യം പ്രാപിച്ച ജീവിതമാണ് അവരുടേത്. ആവശ്യമുള്ളത് മാത്രം എടുത്ത്. പരിസ്ഥിതിയുടെ താളവും സംതുലനവും കാത്ത് സൂക്ഷിച്ച്, മരിച്ച് കഴിഞ്ഞാല്‍ ശവശരീരം മംഗോളിയന്‍ പുല്‍മേടുകള്‍ക്ക് വിട്ട് കൊടുത്ത്. അതിനെക്കുറിച്ച് തലവന്‍ ഒരിക്കല്‍ പറയുന്നത് മാംസം വളരെ ആവശ്യമാണ് മംഗോള്‍ ജീവിതത്തിന് എന്നാണ്. അതിനായി ഒരു പാട് മാംസം ഈ പുല്‍മേടുകള്‍ നമുക്ക് തരുന്നു പകരമായി മരണാനന്തരം നമ്മുടെ മാംസം ഇവിടത്തെ ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണമായി നാമും വിട്ടുകൊടുക്കുന്നു. ഗോത്രത്തലവനോടൊപ്പമുള്ള യാത്രകളില്‍ നിന്ന് ചെന്‍ഷെന്‍ അവിടത്തെ ചെന്നായ്ക്കളെക്കുറിച്ച് മനസ്സിലാക്കുന്നു. ചെന്നായ്ക്കളെ തങ്ങളുടെ ഗോത്രത്തിന്റെ ടോട്ടം ആയാണ് അവര്‍ കരുതുന്നത്. ആത്മീയമായ പരിവേഷമുള്ള മൃഗമോ അതിന്റെ പ്രതീകമോ ആണ് ടോട്ടം. മംഗോളുകളുടെ ജീവിതത്തിന്റെ വഴികാട്ടിയും ചെന്നായ് ആണെന്ന് മൂപ്പന്‍ ചെന്നിനോട് പറയുന്നുണ്ട്. ചെങ്കിസ്ഖാന്‍ എന്ന ലോകം കീഴടക്കിയ മംഗോള്‍ നായകന്‍ തന്റെ സൈനികതന്ത്രങ്ങള്‍ക്ക് മാതൃകയാക്കിയത് ചെന്നായക്കൂട്ടത്തിന്റെ ആക്രമണങ്ങളെയാണ്. അത് പിന്തുടര്‍ന്ന ഒരു ഗോത്ര ജനത ആയതുകൊണ്ട് തന്നെയാണ്. ചൈനീസ് ചക്രവര്‍ത്തിമാര്‍ക്ക് ചെറു ന്യൂനപക്ഷമായ മംഗോളുകളില്‍ നിന്ന് തങ്ങളുടെ വിശാല സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ വന്‍മതില്‍ പണിയേണ്ടി വന്നത്.


ചെന്നായ്ക്കളും ഗോത്രവര്‍ഗ്ഗക്കാരും തമ്മില്‍ വലിയ സംഘര്‍ഷങ്ങളില്ലാതെയാണ് ജീവിതം. പുല്‍മേടുകളില്‍ മേയാനെത്തുന്ന മാനുകളാണ് ചെന്നായ്ക്കളുടെ ഭക്ഷണം. ശൈത്യകാലത്ത് മഞ്ഞുറഞ്ഞുകിടക്കുന്ന പ്രദേശത്ത് അവ വേട്ടയാടിയ മാനുകളെ ശേഖരിച്ചു വെക്കുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ആ ഇടം അറിയാം. അവിടെ നിന്ന് ചെന്നായ്ക്കളുടെ ആവശ്യത്തിലികം ഉണ്ട് എന്ന് കരുതുന്ന ഇറച്ചി അവര്‍ ശേഖരിക്കും. അത് മുഴുവനും ശേഖരിച്ചാലോ എന്ന് ചോദിക്കുന്ന വിദ്യര്‍ത്ഥികളോട് മൂപ്പന്‍ പറഞ്ഞത്. അത് ചെന്നായ്ക്കളുടെ ഭക്ഷണമാണ്. അത് ഇല്ലാതായാല്‍ അവ നമ്മുടെ ആടുമാടുകളെ ഭക്ഷണത്തിനായി ആക്രമിക്കാന്‍ തുടങ്ങും എന്നാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇത് മനസ്സിലാക്കിയ പാര്‍ട്ടി ഭാരവാഹിയും കൂട്ടരും ചെന്നായ്ക്കളുടെ ഇറച്ചി മുഴുവന്‍ മോഷ്ടിക്കുന്നു. സാംസ്‌ക്കാരിക വിപ്‌ളവകാലത്തും പാര്‍ട്ടി-ഭരണ സംവിധാനങ്ങളില്‍ നിലനിന്ന അഴിമതിയും അന്ധമായ നഗരവല്‍ക്കരണവും യാന്ത്രികഭൗതികവാദവും ആധുനികതയിലേക്കുള്ള കുതിപ്പും ചൈനയിലെ ന്യൂനപക്ഷങ്ങളായ ഗോത്രവര്‍ഗ്ഗക്കാരെയും ആദിവാസികളെയും പ്രദേശികമായ അറിവുകളെയും ആചാരങ്ങളേയും വിശ്വാസങ്ങളെയും ഒക്കെ എങ്ങിനെയാണ് ചവിട്ടിയരച്ചതെന്ന് വൂള്‍ഫ് ടോട്ടം കാണിച്ചു തരുന്നുണ്ട്. 

തീറ്റ കൊള്ളയടിക്കപ്പെട്ടതോടെ ചെന്നായക്കൂട്ടം ഇടയ സമൂഹത്തിന്റെ മാടുകള്‍ക്കെതിരെ തിരിയുന്നു. എന്നാല്‍ ചെന്നായകുഞ്ഞുങ്ങളെ ഇല്ലാതാക്കി അവരുടെ വംശവര്‍ദ്ധനവ് തടഞ്ഞ് ഇതിനെ മറികടക്കാനാണ് അധികാരികളുടെ തീരുമാനം. മനസ്സില്ലാ മനസ്സോടെ ഈ ആജ്ഞ നടപ്പിലാക്കാന്‍ ഗ്രാമീണര്‍ നിര്‍ബദ്ധിതരാകുന്നു. എന്നാല്‍ ഇതോടെ പ്രതികാരബുദ്ധികളായി മാറിയ ചെന്നായ്ക്കള്‍ സൈബീരിയയില്‍ നിന്നും വീശുന്ന ശീതക്കാറ്റിന്റെ സമയത്ത് രാത്രിയില്‍ ഗ്രാമീണരെ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്ന പ്രദേശിക സൈനികദളത്തിനായുള്ള പീപ്പിള്‍സ് ആര്‍മ്മിയുടെ  വലിയൊരു കുതിരക്കൂട്ടത്തെ ആക്രമിക്കുന്നു. ചെറുത്തു നില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ഗോത്രമുഖ്യന്റെ മകന്‍ കൊല്ലപ്പെടുന്നു. കുതികളെ തടാകക്കരയിലേക്ക് ഓടിപ്പിച്ച ചെന്നായക്കൂട്ടം തണുത്തുറഞ്ഞ തടാകത്തിലേക്ക് അവ ഓരോന്നിനെയായി ചാടിക്കുന്നു. ശീതക്കാറ്റിനെ തുടര്‍ന്ന് കട്ടിയായിപ്പോയ തടാകത്തിലെ എൈസ് ശില്‍പ്പങ്ങളായാണ് പിന്നീട് കുതിരകളെ കാണുന്നത്. 

ഇതിനിടയില്‍ ഒരു ചെന്നായക്കുട്ടിയെ ആരുമറിയാതെ വളര്‍ത്താന്‍ തുടങ്ങുന്നുണ്ട് ചെന്‍ഷെന്‍. പിന്നീട് ഇത് കണ്ടുപിടിക്കപ്പെടുമ്പോള്‍ ശത്രുവിനെ ഇല്ലാതാക്കാന്‍ ആദ്യം അതിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട് എന്ന് ചെയര്‍മാന്‍ മാവോ പറഞ്ഞിട്ടുണ്ടെന്നും അതിനായാണ് താന്‍ അതിനെ വളര്‍ത്തുന്നതെന്നും പറഞ്ഞാണ് ചെന്‍ഷെന്‍ രക്ഷപ്പെടുന്നത്. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോകുന്ന ഇടയസംഘത്തിന് കാണാനാകുന്നത്. അവരുടെ വിശാലമായ പുല്‍മേടുകളിലേക്ക് പുതിയതായി എത്തിയ തെക്കന്‍ കര്‍ഷകരേയും അവരുടെ ട്രാകട്ടറുകളേയുമാണ്. മംഗോളിയയുടെ പ്രകൃതിയെ ആകെ തകിടം മറിച്ചുകൊണ്ട് അവിടത്തെ കന്യാഭൂമികളെ യന്ത്രകലപ്പകള്‍ ഉഴുതുമറിക്കുന്നു. സ്ഫടികസമാനമായ ജലം ഉള്‍ക്കൊള്ളുന്ന തടാകം മലിനമാക്കുന്നു. അതിലെ അരയന്നങ്ങള്‍ക്കു നേരെ തോക്കുകള്‍ ശബ്ദിച്ചുതുടങ്ങുന്നു. ഗോത്രമുഖ്യനൊപ്പം ചെന്‍ഷെന്നും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ലീഡര്‍ അവരുടെ തടസ്സവാദങ്ങളെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ല. പുതിയ കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയും ചെന്നായ്ക്കള്‍ ഭക്ഷണമാക്കുന്നതോടെ ചെന്നായക്കളെ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ ലീഡര്‍ ഉത്തരവിടുന്നു. അതിനിടയില്‍ ചെന്നായ്ക്കള്‍ക്കുള്ള ഇറച്ചിക്കെണിയിലെ ഡൈനാമിറ്റ് പൊട്ടി പരിക്കേറ്റ ഗോത്രമുഖ്യനും മരിക്കുന്നു. ഒടുവില്‍ എല്ലാ ചെന്നായ്ക്കളും കൊല്ലപ്പെടുമ്പോള്‍ ശേഷിക്കുന്നത് ചെന്നിന്റെ ചെന്നായ് മാത്രമാകുന്നു. ഒടുവില്‍ ചെന്നിന് മടങ്ങേണ്ട സമയമായി. മടക്കയാത്രക്കിടയില്‍ തിരിഞ്ഞുനോക്കുന്ന ചെന്‍ കാണുന്നത് ആകാശത്ത് മേഘങ്ങള്‍ ചെന്നായരൂപത്തില്‍ നില്‍ക്കുന്നതായാണ്. ടോട്ടത്തിന്റെ 'വൂള്‍ഫ് ടോട്ടത്തിന്റെ' ആ ദൃശ്യത്തില്‍ പ്രസന്നനായ ചെന്‍ ബീജിങ്ങിലേക്കുള്ള തന്റെ മടക്കയാത്ര തുടരുന്നു.

7 ഇയേഴ്‌സ് ഇന്‍ ടിബറ്റ് എന്ന ചൈനീസ് വിരുദ്ധമെന്ന് ഭരണകൂടം തന്നെ ആരോപിച്ച സിനിമയുടെ സംവിധായകനെത്തന്നെ(ഷോങ് ഷാക് അനൗ) ഈ സിനിമയുടെ ചുമതലയേല്‍പ്പിച്ചതോടെ തങ്ങളുടെ പുതിയൊരു മുഖമാണ് ലോകത്തിന് മുന്‍പില്‍ ചൈന വെളിവാക്കുന്നത്. ടിയാന്‍മെന്‍ സ്വകയര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തടവുശിക്ഷ അനുഭവിച്ച ലു ചിയാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലചിത്രാവിഷ്‌ക്കാരം കൂടിയാണ് ഇതെന്നത് മറ്റൊരു അത്ഭുതം. ചിയാങ്ങ് റോങ്ങ് എന്ന തൂലികാനാമത്തിലെഴുതിയ ഈ നോവല്‍ ചൈനീസ് ഭാഷയില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നുകൂടിയാണ്.  പഴയ തെറ്റുകള്‍ തങ്ങള്‍ തിരുത്തുന്നുവെന്നും ഇപ്പോഴുള്ളത് പുതിയ ചൈനയാണെന്നും പറയാതെ പറയുകയാണ് ഈ സിനിമക്കുള്ള പിന്തുണയിലൂടെ ചൈനീസ് സര്‍ക്കാര്‍.
പ്രമോദ് (രാമു)

Friday, 25 March 2016

യാത്ര, പ്രണയം, സംഗീതം...


Exiles (2004)|  Tony Gatlif| 1h 44min | Adventure, Drama, Music | 25 August 2004 (France)

അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ചു സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെ മറ്റു ചിത്രങ്ങളെപ്പോലെതന്നെ 'എക്‌സൈല്‍' എന്ന ഈ ചിത്രവും യാത്രയും സംഗീതവും പ്രണയവും ഇടകലര്‍ന്ന ഒരു കാവ്യമാണ്. അള്‍ജീരിയയിലേക്ക് തങ്ങളുടെ വേരുകളന്വേഷിച്ച് പോകുന്ന രണ്ട് കമിതാക്കളുടെ യാത്രയുടെ കഥ പറയുന്നു ഈ ചിത്രം. സാനോയും നൈമയും. സാനോ അള്‍ജീരിയയിലെ ഫ്രഞ്ച് കോളനിവല്‍ക്കരണകാലത്തെ ഒരു കൊളോണിയല്‍ കുടുംബത്തിലെ അംഗമായിരുന്നു. അള്‍ജീരിയന്‍ സ്വാതന്ത്രസമരം ശക്തമായതോടെ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടവരാണ് അവന്റെ പൂര്‍വ്വീകര്‍. നൈമയാകട്ടെ ഫ്രാന്‍സിലെ ഒരു അള്‍ജീരിയന്‍ കുടിയേറ്റ കുടുംബത്തിലെ കണ്ണിയും.

സംഗീതമാണ് അവരെ ഒന്നിപ്പിക്കുന്നത്, പിന്നെ ഉപാധികളില്ലാത്ത പ്രണയവും. നടന്നും, ട്രക്കിലും, ബോട്ടിലും, ട്രെയിനിലുമൊക്കെയായാണ് അവരുടെ യാത്ര. വെളിപ്രദേശങ്ങളും വഴിവക്കുകളും തകര്‍ന്ന കെട്ടിടങ്ങളുമൊക്കെയാണ് ഇടത്താവളങ്ങള്‍. മതിയായ യാത്രാരേഖകളില്ലാത്ത പലയിടത്തും അതിര്‍ത്തി നുഴഞ്ഞു കയറുകയാണ്. വഴിതെറ്റി സ്‌പെയിനിലും മൊറോക്കയിലുമെക്കെയെത്തുന്നുമുണ്ട് ഇതിനിടയിലവര്‍. വഴിയിലൊരിടത്ത് നാരങ്ങാതോട്ടത്തില്‍ ജോലിക്കാരാകുന്നുമുണ്ട്. ജിപ്‌സികളെപ്പോലെ ആകുലതകളില്ലാതെ തിരക്കുകളോ ഓടിപ്പാച്ചിലുകളോ ഇല്ലാതെ സ്വതന്ത്രവും പ്രണയവുമൊക്കെ ആഘോഷിക്കുന്നു അവര്‍.

യാത്രക്കിടയില്‍ പരിചയപ്പെട്ട ഫ്രാന്‍സിലേക്ക് കുടിയേറാനായി പോകുന്ന ഒരു അള്‍ജീരിയന്‍ യുവതി നല്‍കിയ കത്ത് അവളുടെ ബന്ധുകള്‍ക്ക് കൈമാറുന്നതോടെ സാനോയുടെ പഴയ വീട് കണ്ടെത്താനായി അവര്‍ അയാളെ സഹായിക്കുന്നുണ്ട്. നൈമക്കാകട്ടെ സാനോയൊടൊപ്പം അവന്റെ പൂര്‍വ്വീകരുടെ വേരുകള്‍ ഉള്ളിടത്തേക്ക് ഒരു യാത്ര എന്നതില്‍ കവിഞ്ഞ് ഒന്നും കാണാനോ ആരെയും കണ്ടെത്താനോ ഇല്ല അവിടെ. ആള്‍ജീരിയയുടെ യാഥാസ്ഥിതികത്ത്വം അവളെ അസ്വസ്ഥയാക്കുന്നുമുണ്ട്. എന്നാല്‍ കഥാദ്യത്തിലെ സൂഫി വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മതചടങ്ങുകള്‍ക്കിടയില്‍ മറ്റുള്ളവരെപ്പോലെ മുടിയഴിച്ചിട്ട് ഉറഞ്ഞു തുള്ളുന്നുണ്ട് ഇരുവരും.

യാത്ര തുടങ്ങുന്നത് തന്റെ വയലിന്‍ ചുമരുപൊളിച്ച് അതിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണെങ്കില്‍ മടക്കയാത്ര തുടങ്ങുന്നത് തന്റെ പിതാമഹന്റെ കല്ലറക്ക് മുകളില്‍ ഓണ്‍ ചെയ്ത് വെച്ച് വാക്ക്മാനില്‍ നിന്ന്  സംഗീതമൊഴുകുന്ന ഹെഡ് ഫോണ്‍ കല്ലറക്ക് മുകളില്‍ കൊളുത്തിയിട്ടുകൊണ്ടാണ്. സംഗീതജ്ഞന്‍ കൂടിയായ ഗാറ്റ് ലിഫിന്റെ മറ്റുചിത്രങ്ങളെപ്പോലെ സംഗീതം തന്നെയാണ് ഈ ചിത്രത്തിന്റെയും ജീവന്‍.

ജിപ്‌സികളുടെ ചലചിത്രകാരന്‍ എന്നാണ് ടോണിയെ വിളിക്കുന്നത്. ജിപ്‌സികളുടെ ജീവിതവും സംസക്കാരവും സംഗീതവുമൊക്കെയാണ് മിക്ക ഗാറ്റ്‌ലിഫ് ചിത്രങ്ങളുടെ പ്രമേയവും. ചേരികളിലെ ജനങ്ങള്‍, കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അനാഥര്‍, യാചകര്‍ ടോണിയുടെ ചിത്രങ്ങളില്‍ തെളിയുന്നത് ഇവരുടെയൊക്കെ കാഴ്ച്ചകളാണ്. സംഗീതത്തെ എന്നും പ്രണയിച്ച  സംവിധായകനാണ് ഗാറ്റ്‌ലിഫ്. ജിപ്‌സി സംഗീതത്തെക്കുറിച്ച് ഗാറ്റ്‌ലിഫിന്റെ ഒരു ഡോക്യുമെന്ററിയുണ്ട് 'ലാച്ചോ ഡ്രോം' രാജസ്ഥാനില്‍ നിന്ന് തുടങ്ങുന്ന സംഗീതം തേടിയുള്ള റൊമേനിയയും ഹംഗറിയും മെഡിറ്ററേനിയന്‍ തീരങ്ങളുമൊക്കെ താണ്ടിയുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി.

ഒരര്‍ത്ഥത്തില്‍ 'എക്‌സൈല്‍' ഗാറ്റ്‌ലിഫിന്റെ കൂടി കഥയാണ്. അള്‍ജീരിയന്‍ വംശജനായ ഗാറ്റ്‌ലിഫ് വര്‍ഷങ്ങള്‍ക്ക് ശേഷം അള്‍ജീരിയയില്‍ എത്തുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു. സാനോയും ഗാറ്റ്‌ലിഫും രണ്ടല്ല ഈ ചിത്രത്തിന്റെ ഒഴുക്കും അനായാസതയും നമ്മെ ബോധ്യപ്പെടുത്തുന്നു.

Thursday, 24 March 2016

സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബറ്റ്



യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഹോളിവുഡ് ചിത്രമാണ് 'സെവന്‍ ഇയേഴസ് ഇന്‍ ടിബറ്റ്. ആസ്ട്രിയന്‍ പര്‍വ്വതാരോഹകനായ ഹെയിന്റിച്ച് ഹാരര്‍ തന്റെ ഹിമാലയന്‍ പര്യവേഷണത്തിനിടെ ബ്രിട്ടീഷ് സൈനികരുടെ പിടിയില്‍ അകപ്പെടുകയും തുടര്‍ന്ന ടിബറ്റില്‍ എത്തിപ്പെടുകയുമാണ്. സുഹൃത്തിനോടൊപ്പം അവിടെ എത്തിപ്പെട്ട ഹാരറെ ഒരു തവണ അവിടെനിന്ന് പുറത്താക്കുന്നുണ്ടെങ്കിലും വീണ്ടും അവര്‍ അവിടെ തന്നെ അഭയാര്‍ത്ഥികളായി എത്തിപ്പെടുന്നു. തുടര്‍ന്ന് അന്ന് ബാലനായിരുന്ന ഇന്നത്തെ ദലായ്‌ലാമയുടെ ടീച്ചറായി ഹാരര്‍ മാറുന്നു.

ആസ്ട്രിയയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നു. ബ്രട്ടീഷ് പട്ടാളത്തിന്റെ പിടിയിലാണ് ഹാരര്‍ എന്നറിയുന്നതോടെ അവര്‍ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുകയും അവരുടെ മറ്റൊരു സുഹൃത്തിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. 1936 ല്‍ തുടങ്ങുന്ന സിനിമയില്‍ ഇടക്കിടെ ചരിത്രം കടന്നു വരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധവും ജര്‍മ്മനിയുടെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറുന്നതും സിനിമയിലൂടെ നാം അറിയുന്നുണ്ട്. ഒടുവില്‍ എകീകൃത ചൈന എന്ന സ്വപ്‌നത്തിനുവേണ്ടി ടിബറ്റ് കയ്യടക്കാനുള്ള ശ്രമങ്ങള്‍ക്ക തുടക്കം കുറിക്കുകയാണ് ചൈനീസ് ഭരണകൂടം.

ദലായ് ലാമ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന് മുന്‍പായി ചിത്രം അവസാനിക്കുകയാണ്. ഒരിക്കല്‍ തനിക്ക് ഇനി കത്തെഴുതരുതെന്ന് ആവശ്യപ്പെട്ട താനത്രനാളായിട്ടും കാണാത്ത മകനെത്തേടി ഹാരര്‍ ആസ്ട്രിയയിലെത്തുന്നു. അവനെ കണ്ടുമുട്ട് ദലായ്‌ലാമ അവന് കൈമാറാനായി തന്ന സമ്മാനം അയാള്‍ അവന് കൈമാറുന്നു. ഒടുവില്‍ അച്ഛന്റെ ശിക്ഷണത്തില്‍ മകനും പര്‍വ്വതാരോഹണത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ടിബറ്റിന്റെയും ഹിമാലയത്തിന്റെയും മനോഹരമായ ദൃശ്യഭംഗി വെളിവാക്കുന്നു ഈ സിനിമ. പ്രശസ്ത ഹോളിവുഡ് നടനായ ബ്രാഡ്പിറ്റാണ് ഹാരറായി അഭിനയിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ബ്രാഡ്പിറ്റിന് ചൈനയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആജീവനാന്തര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2012 ലെ ഷാങ്ഹായി ചലചിത്രോത്സവത്തിലേക്ക് ജൂറിത്തലവനായി ക്ഷണിച്ച് പിന്നീട് ഈ തെറ്റ് ചൈനതിരുത്തുകയുണ്ടായി.

ബ്ലാക്ക് ആന്‍ഡ് വെറ്റ് ഇന്‍ കളര്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ ഫ്രഞ്ച് സംവിധായകനായ ജീന്‍ ജാക്വിസ് അനൗഡ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉമ്പര്‍ട്ടോ എക്കോയുടെ നോവലായ ദ നെയിം ഓഫ് ദി റോസ്, ദ ബിയര്‍ എന്‍ഡ് ദ ടു ബ്രദേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. ചൈനീസ് ഭരണകൂടത്തിന് അനഭിമതനായ ഈ സംവിധായകന്‍ ഒടുവില്‍ ചൈനയില്‍ തന്നെ തന്റെ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. 2004 ല്‍ പുറത്തിറങ്ങിയെ വുള്‍ഫ് ടോട്ടം എന്ന ചിത്രം. 2015 ഡിസംബറില്‍ നടന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടനചിത്രം കൂടിയായിരുന്നു ഈ ചൈനീസ് ത്രീഡി സിനിമ.
(രാമു)

Tuesday, 22 March 2016

The Boy in the Striped Pajamas


രണ്ടാം ലോക മഹായുദ്ധ കാലത്ത് , ഹിറ്റ്ലറിന്റെ വരവോടു  കൂടി  ഉദ്യോഗകയറ്റം കിട്ടിയ നാസി പട്ടാള ഉദ്യോഗസ്ഥനായ  പിതാവിന്റെയും മറ്റ് കുംബാംഗങ്ങളുടേയും  കൂടെ വേദനയോടെ  യാത്ര തിരിയ്ക്കുന്ന  ഒരു കുട്ടി. തൻറെ ബാല്യകാലസുഹൃത്തുക്കളെ എല്ലാം മറന്ന് ബർലിനിൽ നിന്ന് യാത്ര തിരിച്ച് ,ഒറ്റപ്പെട്ട ഒരു വലിയ വീട്ടിൽ കഴി യേണ്ടി വരുന്ന ബ്രൂണോ എന്ന 8 വയസ്സുകാരൻ.
നാസി കളുടെ പട്ടാള ക്യാമ്പിൽ അടിമകളാക്കപ്പെട്ട Schuel എന്ന ജൂത ബാലനെ അവിചാരിതമായി പരിചയപ്പെടുന്നു.

ബ്രൂണോ ' ഇല ക്രിട്ടിക് കമ്പി വേലികൾക്കിടയിലൂടെ വേദനയോടെ എന്നും ടchuel നെ കണ്ട് ,ഭീതിയോടെ സൌഹൃദം പങ്കിടുന്നു. ഹിറ്റലറുടെ പട്ടാള പടയുടെ ഭീതിജനകമായ കുടുംബാന്തരീക്ഷത്തിൽ മനുഷ്യത്വം  മരവിച്ചു നില്ക്കുന്ന ഓരോ ഇടപെടലുകളിലും -
അച്ഛന്റെ  വാത്സല്യത്തിനു പോലുo ചോരയുടെ മണമാണ് എന്ന് മക്കൾ നിസ്സഹായരായി ഓരോ ദിവസ്സം മനസ്സിലാക്കുന്നു.

ഇരുണ്ട കിടപ്പു മുറിയിൽ സഹോദരിയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ശ്രമിയക്കുമ്പോഴും സഹോദരിയുടെ ഹൃദയമിടിപ്പിലും ഭയപ്പാടുകൾ ഏറെ കേൾക്കുന്നു.
' അത്താഴത്തിന് വിളമ്പുന്ന വീഞ്ഞിന് പോലും ജൂതരുടെ ചോര യുടെ നിറം .
അത് കൊതിയോടെ കുടിച്ചുതീരാത്ത നാസി പട്ടാള മേധാവികൾ വൃദ്ധരായ ദൃത്യരെ പോലും പൈശാചിക മായി മർദ്ദിയക്കുന്നു.


ഓരോ ദിനങ്ങളിലും തേങ്ങാൻ പോലും ഭയമായി കഴിയുന്ന അമ്മ.
ഒടുവിൽ കമ്പിവേലി കടിയിലൂടെ ബ്ലണോ കൂട്ടുകാരനെ കൊണ്ട് സംഘടിപ്പിച്ച വരയുള്ള ജൂത കുപ്പായവും പൈജാമയും ധരിച്ച് ജൂത ക്യാമ്പിൽ കയറി പറ്റുന്നു.
ഇതിനിടയിൽ പെട്ടന്നാണ്  നാസി ഉദ്യോസ്ഥർ എല്ലാവരേയും ഒരുമിച്ച് ആട്ടിയോടിച്ച് കൂട്ടമായ് ഗ്യാസ് ചേമ്പറിൽ കയറ്റുന്നത് '
വരയുള്ള വസ്ത്രങ്ങൾ അഴിച്ചിടാൻ ആക്രോശിക്കുന്നതും, പതിയെ നഗ്നരായ ജൂത കൂട്ടത്തിൽ എന്താണന്നറിയാതെ,
 ഒന്നും ചെയ്യാൻ കഴിയാത ഗ്യാസ് ചേംബറിൽ ഈ കുരുന്നു കുട്ടികൾ '
 ചുറ്റും ഒരു വലിയ കൂട്ടം ജൂതർ  സ്വയം രക്ഷക്ക് വേണ്ടി കേഴുന്നു '
ഗ്യാസ് ചേമ്പറിൽ ഇരുട്ട് വ്യാപിക്കുന്നു . നാസികൾ വിഷം വിതറുന്നു ' ഗ്യസ് ചേമ്പറിന്റെ തടിച്ച ഇരുമ്പ് വാതിലുകൾ അടയുന്നതിന് മുൻപ്  ബ്രൂണോ തന്റെ കുട്ടുകാരന്റെ കൈ മുറുകെ പിടിയ്ക്കുന്നു '

വിഷവാതകം കൊണ്ട് ശ്വാസം മുട്ടി  കരിഞ്ഞു തീരുന്ന ഒരു ഹൃദയവുമായ് നാം ഓരോരുത്തരും ഒരക്ഷരം പോലും പറയാനൊ ഒന്ന് നെടുവീർപ്പിടാനൊ കഴിയാതെ 10 നിമിഷമെങ്കിലും നമ്മളിരിയ്ക്കും
 അപ്പോഴും, നാം നമ്മോട് തന്നെ ചോദിയ്ക്കുന്ന ഒരു ചോദ്യം.
'ഈ ഗ്യാസ് ചേമ്പറിൽ ശ്യാസം മുട്ടി മരിച്ച ബ്രൂണോയുടേയുo SchueI  ന്റെയുo
കഥയാണങ്കിൽ.
മരിച്ചു മണ്ണോട് ചേർന്ന ലക്ഷക്കണക്കിന് വരുന്ന ഓരോ പൌരനും പറയാൻ കഥകൾ എത്രയുണ്ടാകും? ഇന്നും ഓരോ ദിവസവു മരിച്ചുവീഴുന്ന ഓരാരുത്തർക്കും
ചരിത്രം പറയാതെ പോകുന്ന എത്രയെത്ര കഥകൾ.
ഗ്യാസ് ചേമ്പറിന്റെ വാതിലുകൾ അടയുന്നു സംവിധായകൻ സിനിമ അവസാനിപ്പിക്കൂമ്പോൾ ആ ജനത ഊരിയിട്ട Stripped pajamaകൾ പുറത്ത്  പുതിയ ജനതയെ കാത്ത് കിടപ്പുണ്ട് ' അവിടെ പരക്കെ ഇരുട്ട് വ്യാപി ക്കുമ്പോൾ സിനിമയുടെ അവസ്സാന Shot അവസാനിപ്പിക്കുമ്പോൾ ഗ്യാസ് ചേമ്പറിൽ ശ്വാസം മുട്ടി മരിയ്ക്കുന്ന ആ ബാലരെ നമ്മൾ ഹൃദയത്തിൽ പേറുന്നു.
 ഒപ്പം വിഷം വാതകം ശ്വസിച്ച അവസ്ഥ നമ്മളിൽ സൃഷ്ടിച്ച് ഒരു സിനിമ നമ്മളുടെ മുഴുവൻ ജീവിതവും അപഹരിയ്ക്കുന്നു.' -

(ഷാജി എൻ പുഷ്പാംഗദൻ)

Wednesday, 16 March 2016

ദ സോങ് ഓഫ് സ്പാരോസ്...



ലോക സിനിമയില്‍ പുതിയൊരു ഭാവുകത്വ പരിസരം സൃഷടിച്ചതിനു പുറമെ, തീക്ഷണമായ നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട ഇറാനിയന്‍ അവസ്ഥകളില്‍ സ്വാതന്ത്ര്യം വിറങ്ങലിച്ചു പോകുമെന്നിരിക്കെ അതിനെതിരെ ചലച്ചിത്രങ്ങള്‍ കലാപത്തിന്റെ ദൃശ്യരൂപങ്ങളാകുകയും ,ആ ഗ്രീഷ്മ താപത്തിലും വറ്റിപ്പോകാത്ത നീര്‍ച്ചോല പോലെ നിറഞ്ഞൊഴുകുകയും ചെയ്യുന്നു. മജീദി മജീദിയുടെ 'ദ സോങ് ഓഫ് സ്പാരോസ്', ഡിസീക്കയും, റോസലിനിയുമൊക്കെച്ചേര്‍ന്ന് രൂപം കൊടുത്ത നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തില്‍ വിരിഞ്ഞ അസുലഭ സുന്ദരങ്ങളായ ചലച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഒട്ടകപ്പക്ഷി ഫാമിലെ സൂക്ഷിപ്പുകാരനായ കരീമിന്റെ കണ്ണുവെട്ടിച്ച് കൂട്ടത്തില്‍ നിന്നും ഒരെണ്ണം ഓടിപ്പോകന്നതില്‍ നിന്നും തുടങ്ങുന്ന ഈ ചിത്രത്തെ ലളിതമോഹനം എന്നു വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. നേര്‍ത്ത നര്‍മ്മത്തില്‍ ചാലിച്ചു കഥ പറയുന്ന ഈ ചലച്ചിത്രകാരന്‍ പ്രമേയത്തെ പരിലാളിക്കുന്നത് മിതവചസ്സായ ഒരു കവിയെപ്പോലെയാണ്.

സ്വര്‍ണ്ണ മീനുകള്‍ നിറച്ച ഭരണി സൂക്ഷിച്ചു വച്ച ട്രക്കില്‍ നഗരത്തില്‍ നിന്നും മടങ്ങുകയായിരുന്നു കരീമും മകനും അവന്റെ കൂട്ടുകാരും. അപ്പോള്‍ അവര്‍ എല്ലാം മറന്നുപാടുന്നുണ്ടായിരുന്നു, 'ഈ പ്രപഞ്ചം വലിയ നുണയാണ്, ഈ പ്രപഞ്ചം ഒരു സ്വപ്നമാണ്.' കരീമിന്റെ ആത്മാലാപമായിത്തീരുകയായിരുന്നു ആ ഗാനം. യാത്രക്കിടയില്‍ ഭരണി പൊട്ടി വര്‍ണ്ണമത്സ്യങ്ങള്‍ നിരത്തില്‍ ചിതറി വീണു. സ്വപ്നം നഷ്ടപ്പെട്ട കുട്ടികള്‍ പിടയുന്ന മീനുകളെ വാരിയെടുക്കാന്‍ തത്രപ്പെടുന്നതോടെ കുരുവികളുടെ ഗാനം പൊട്ടുന്നനെ നിലക്കുന്നു.

സാധാരണ മനുഷ്യരുടെ ജീവിതവിഷാദങ്ങളും സങ്കടങ്ങളും നിറപ്പൊലിമയില്ലാതെ ചിത്രീകരിക്കുന്ന ഈ ചലച്ചിത്രം ശബ്ദം താഴ്ത്തി സംസാരിക്കുന്ന ഒരു സ്‌നേഹിതനെപ്പോലെ പ്രേക്ഷക ഹൃദയങ്ങളോടു സംവദിക്കുന്നു ആര്‍ദ്രമായ കുറെ അനുഭവങ്ങള്‍, അത് പ്രസരിപ്പിക്കുന്ന ഊഷ്മാവ് നമ്മില്‍ പതുക്കെ നിറയുന്നു....
(അന്‍വര്‍ ഹസ്സന്‍)