Friday, 25 March 2016
യാത്ര, പ്രണയം, സംഗീതം...
Exiles (2004)| Tony Gatlif| 1h 44min | Adventure, Drama, Music | 25 August 2004 (France)
അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ചു സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെ മറ്റു ചിത്രങ്ങളെപ്പോലെതന്നെ 'എക്‌സൈല്‍' എന്ന ഈ ചിത്രവും യാത്രയും സംഗീതവും പ്രണയവും ഇടകലര്‍ന്ന ഒരു കാവ്യമാണ്. അള്‍ജീരിയയിലേക്ക് തങ്ങളുടെ വേരുകളന്വേഷിച്ച് പോകുന്ന രണ്ട് കമിതാക്കളുടെ യാത്രയുടെ കഥ പറയുന്നു ഈ ചിത്രം. സാനോയും നൈമയും. സാനോ അള്‍ജീരിയയിലെ ഫ്രഞ്ച് കോളനിവല്‍ക്കരണകാലത്തെ ഒരു കൊളോണിയല്‍ കുടുംബത്തിലെ അംഗമായിരുന്നു. അള്‍ജീരിയന്‍ സ്വാതന്ത്രസമരം ശക്തമായതോടെ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടവരാണ് അവന്റെ പൂര്‍വ്വീകര്‍. നൈമയാകട്ടെ ഫ്രാന്‍സിലെ ഒരു അള്‍ജീരിയന്‍ കുടിയേറ്റ കുടുംബത്തിലെ കണ്ണിയും.
സംഗീതമാണ് അവരെ ഒന്നിപ്പിക്കുന്നത്, പിന്നെ ഉപാധികളില്ലാത്ത പ്രണയവും. നടന്നും, ട്രക്കിലും, ബോട്ടിലും, ട്രെയിനിലുമൊക്കെയായാണ് അവരുടെ യാത്ര. വെളിപ്രദേശങ്ങളും വഴിവക്കുകളും തകര്‍ന്ന കെട്ടിടങ്ങളുമൊക്കെയാണ് ഇടത്താവളങ്ങള്‍. മതിയായ യാത്രാരേഖകളില്ലാത്ത പലയിടത്തും അതിര്‍ത്തി നുഴഞ്ഞു കയറുകയാണ്. വഴിതെറ്റി സ്‌പെയിനിലും മൊറോക്കയിലുമെക്കെയെത്തുന്നുമുണ്ട് ഇതിനിടയിലവര്‍. വഴിയിലൊരിടത്ത് നാരങ്ങാതോട്ടത്തില്‍ ജോലിക്കാരാകുന്നുമുണ്ട്. ജിപ്‌സികളെപ്പോലെ ആകുലതകളില്ലാതെ തിരക്കുകളോ ഓടിപ്പാച്ചിലുകളോ ഇല്ലാതെ സ്വതന്ത്രവും പ്രണയവുമൊക്കെ ആഘോഷിക്കുന്നു അവര്‍.
യാത്രക്കിടയില്‍ പരിചയപ്പെട്ട ഫ്രാന്‍സിലേക്ക് കുടിയേറാനായി പോകുന്ന ഒരു അള്‍ജീരിയന്‍ യുവതി നല്‍കിയ കത്ത് അവളുടെ ബന്ധുകള്‍ക്ക് കൈമാറുന്നതോടെ സാനോയുടെ പഴയ വീട് കണ്ടെത്താനായി അവര്‍ അയാളെ സഹായിക്കുന്നുണ്ട്. നൈമക്കാകട്ടെ സാനോയൊടൊപ്പം അവന്റെ പൂര്‍വ്വീകരുടെ വേരുകള്‍ ഉള്ളിടത്തേക്ക് ഒരു യാത്ര എന്നതില്‍ കവിഞ്ഞ് ഒന്നും കാണാനോ ആരെയും കണ്ടെത്താനോ ഇല്ല അവിടെ. ആള്‍ജീരിയയുടെ യാഥാസ്ഥിതികത്ത്വം അവളെ അസ്വസ്ഥയാക്കുന്നുമുണ്ട്. എന്നാല്‍ കഥാദ്യത്തിലെ സൂഫി വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മതചടങ്ങുകള്‍ക്കിടയില്‍ മറ്റുള്ളവരെപ്പോലെ മുടിയഴിച്ചിട്ട് ഉറഞ്ഞു തുള്ളുന്നുണ്ട് ഇരുവരും.
യാത്ര തുടങ്ങുന്നത് തന്റെ വയലിന്‍ ചുമരുപൊളിച്ച് അതിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണെങ്കില്‍ മടക്കയാത്ര തുടങ്ങുന്നത് തന്റെ പിതാമഹന്റെ കല്ലറക്ക് മുകളില്‍ ഓണ്‍ ചെയ്ത് വെച്ച് വാക്ക്മാനില്‍ നിന്ന് സംഗീതമൊഴുകുന്ന ഹെഡ് ഫോണ്‍ കല്ലറക്ക് മുകളില്‍ കൊളുത്തിയിട്ടുകൊണ്ടാണ്. സംഗീതജ്ഞന്‍ കൂടിയായ ഗാറ്റ് ലിഫിന്റെ മറ്റുചിത്രങ്ങളെപ്പോലെ സംഗീതം തന്നെയാണ് ഈ ചിത്രത്തിന്റെയും ജീവന്‍.
ജിപ്‌സികളുടെ ചലചിത്രകാരന്‍ എന്നാണ് ടോണിയെ വിളിക്കുന്നത്. ജിപ്‌സികളുടെ ജീവിതവും സംസക്കാരവും സംഗീതവുമൊക്കെയാണ് മിക്ക ഗാറ്റ്‌ലിഫ് ചിത്രങ്ങളുടെ പ്രമേയവും. ചേരികളിലെ ജനങ്ങള്‍, കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അനാഥര്‍, യാചകര്‍ ടോണിയുടെ ചിത്രങ്ങളില്‍ തെളിയുന്നത് ഇവരുടെയൊക്കെ കാഴ്ച്ചകളാണ്. സംഗീതത്തെ എന്നും പ്രണയിച്ച സംവിധായകനാണ് ഗാറ്റ്‌ലിഫ്. ജിപ്‌സി സംഗീതത്തെക്കുറിച്ച് ഗാറ്റ്‌ലിഫിന്റെ ഒരു ഡോക്യുമെന്ററിയുണ്ട് 'ലാച്ചോ ഡ്രോം' രാജസ്ഥാനില്‍ നിന്ന് തുടങ്ങുന്ന സംഗീതം തേടിയുള്ള റൊമേനിയയും ഹംഗറിയും മെഡിറ്ററേനിയന്‍ തീരങ്ങളുമൊക്കെ താണ്ടിയുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി.
ഒരര്‍ത്ഥത്തില്‍ 'എക്‌സൈല്‍' ഗാറ്റ്‌ലിഫിന്റെ കൂടി കഥയാണ്. അള്‍ജീരിയന്‍ വംശജനായ ഗാറ്റ്‌ലിഫ് വര്‍ഷങ്ങള്‍ക്ക് ശേഷം അള്‍ജീരിയയില്‍ എത്തുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു. സാനോയും ഗാറ്റ്‌ലിഫും രണ്ടല്ല ഈ ചിത്രത്തിന്റെ ഒഴുക്കും അനായാസതയും നമ്മെ ബോധ്യപ്പെടുത്തുന്നു.
Labels:
ടോണി ഗാറ്റ്‌ലിഫ്,
ലോക സിനിമ,
സംവിധായകര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment