Thursday, 24 March 2016

സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബറ്റ്



യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഹോളിവുഡ് ചിത്രമാണ് 'സെവന്‍ ഇയേഴസ് ഇന്‍ ടിബറ്റ്. ആസ്ട്രിയന്‍ പര്‍വ്വതാരോഹകനായ ഹെയിന്റിച്ച് ഹാരര്‍ തന്റെ ഹിമാലയന്‍ പര്യവേഷണത്തിനിടെ ബ്രിട്ടീഷ് സൈനികരുടെ പിടിയില്‍ അകപ്പെടുകയും തുടര്‍ന്ന ടിബറ്റില്‍ എത്തിപ്പെടുകയുമാണ്. സുഹൃത്തിനോടൊപ്പം അവിടെ എത്തിപ്പെട്ട ഹാരറെ ഒരു തവണ അവിടെനിന്ന് പുറത്താക്കുന്നുണ്ടെങ്കിലും വീണ്ടും അവര്‍ അവിടെ തന്നെ അഭയാര്‍ത്ഥികളായി എത്തിപ്പെടുന്നു. തുടര്‍ന്ന് അന്ന് ബാലനായിരുന്ന ഇന്നത്തെ ദലായ്‌ലാമയുടെ ടീച്ചറായി ഹാരര്‍ മാറുന്നു.

ആസ്ട്രിയയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നു. ബ്രട്ടീഷ് പട്ടാളത്തിന്റെ പിടിയിലാണ് ഹാരര്‍ എന്നറിയുന്നതോടെ അവര്‍ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുകയും അവരുടെ മറ്റൊരു സുഹൃത്തിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. 1936 ല്‍ തുടങ്ങുന്ന സിനിമയില്‍ ഇടക്കിടെ ചരിത്രം കടന്നു വരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധവും ജര്‍മ്മനിയുടെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറുന്നതും സിനിമയിലൂടെ നാം അറിയുന്നുണ്ട്. ഒടുവില്‍ എകീകൃത ചൈന എന്ന സ്വപ്‌നത്തിനുവേണ്ടി ടിബറ്റ് കയ്യടക്കാനുള്ള ശ്രമങ്ങള്‍ക്ക തുടക്കം കുറിക്കുകയാണ് ചൈനീസ് ഭരണകൂടം.

ദലായ് ലാമ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന് മുന്‍പായി ചിത്രം അവസാനിക്കുകയാണ്. ഒരിക്കല്‍ തനിക്ക് ഇനി കത്തെഴുതരുതെന്ന് ആവശ്യപ്പെട്ട താനത്രനാളായിട്ടും കാണാത്ത മകനെത്തേടി ഹാരര്‍ ആസ്ട്രിയയിലെത്തുന്നു. അവനെ കണ്ടുമുട്ട് ദലായ്‌ലാമ അവന് കൈമാറാനായി തന്ന സമ്മാനം അയാള്‍ അവന് കൈമാറുന്നു. ഒടുവില്‍ അച്ഛന്റെ ശിക്ഷണത്തില്‍ മകനും പര്‍വ്വതാരോഹണത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ടിബറ്റിന്റെയും ഹിമാലയത്തിന്റെയും മനോഹരമായ ദൃശ്യഭംഗി വെളിവാക്കുന്നു ഈ സിനിമ. പ്രശസ്ത ഹോളിവുഡ് നടനായ ബ്രാഡ്പിറ്റാണ് ഹാരറായി അഭിനയിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ബ്രാഡ്പിറ്റിന് ചൈനയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആജീവനാന്തര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2012 ലെ ഷാങ്ഹായി ചലചിത്രോത്സവത്തിലേക്ക് ജൂറിത്തലവനായി ക്ഷണിച്ച് പിന്നീട് ഈ തെറ്റ് ചൈനതിരുത്തുകയുണ്ടായി.

ബ്ലാക്ക് ആന്‍ഡ് വെറ്റ് ഇന്‍ കളര്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ ഫ്രഞ്ച് സംവിധായകനായ ജീന്‍ ജാക്വിസ് അനൗഡ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉമ്പര്‍ട്ടോ എക്കോയുടെ നോവലായ ദ നെയിം ഓഫ് ദി റോസ്, ദ ബിയര്‍ എന്‍ഡ് ദ ടു ബ്രദേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. ചൈനീസ് ഭരണകൂടത്തിന് അനഭിമതനായ ഈ സംവിധായകന്‍ ഒടുവില്‍ ചൈനയില്‍ തന്നെ തന്റെ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. 2004 ല്‍ പുറത്തിറങ്ങിയെ വുള്‍ഫ് ടോട്ടം എന്ന ചിത്രം. 2015 ഡിസംബറില്‍ നടന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടനചിത്രം കൂടിയായിരുന്നു ഈ ചൈനീസ് ത്രീഡി സിനിമ.
(രാമു)

No comments:

Post a Comment