Wednesday, 16 March 2016

ദ സോങ് ഓഫ് സ്പാരോസ്...



ലോക സിനിമയില്‍ പുതിയൊരു ഭാവുകത്വ പരിസരം സൃഷടിച്ചതിനു പുറമെ, തീക്ഷണമായ നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട ഇറാനിയന്‍ അവസ്ഥകളില്‍ സ്വാതന്ത്ര്യം വിറങ്ങലിച്ചു പോകുമെന്നിരിക്കെ അതിനെതിരെ ചലച്ചിത്രങ്ങള്‍ കലാപത്തിന്റെ ദൃശ്യരൂപങ്ങളാകുകയും ,ആ ഗ്രീഷ്മ താപത്തിലും വറ്റിപ്പോകാത്ത നീര്‍ച്ചോല പോലെ നിറഞ്ഞൊഴുകുകയും ചെയ്യുന്നു. മജീദി മജീദിയുടെ 'ദ സോങ് ഓഫ് സ്പാരോസ്', ഡിസീക്കയും, റോസലിനിയുമൊക്കെച്ചേര്‍ന്ന് രൂപം കൊടുത്ത നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തില്‍ വിരിഞ്ഞ അസുലഭ സുന്ദരങ്ങളായ ചലച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഒട്ടകപ്പക്ഷി ഫാമിലെ സൂക്ഷിപ്പുകാരനായ കരീമിന്റെ കണ്ണുവെട്ടിച്ച് കൂട്ടത്തില്‍ നിന്നും ഒരെണ്ണം ഓടിപ്പോകന്നതില്‍ നിന്നും തുടങ്ങുന്ന ഈ ചിത്രത്തെ ലളിതമോഹനം എന്നു വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. നേര്‍ത്ത നര്‍മ്മത്തില്‍ ചാലിച്ചു കഥ പറയുന്ന ഈ ചലച്ചിത്രകാരന്‍ പ്രമേയത്തെ പരിലാളിക്കുന്നത് മിതവചസ്സായ ഒരു കവിയെപ്പോലെയാണ്.

സ്വര്‍ണ്ണ മീനുകള്‍ നിറച്ച ഭരണി സൂക്ഷിച്ചു വച്ച ട്രക്കില്‍ നഗരത്തില്‍ നിന്നും മടങ്ങുകയായിരുന്നു കരീമും മകനും അവന്റെ കൂട്ടുകാരും. അപ്പോള്‍ അവര്‍ എല്ലാം മറന്നുപാടുന്നുണ്ടായിരുന്നു, 'ഈ പ്രപഞ്ചം വലിയ നുണയാണ്, ഈ പ്രപഞ്ചം ഒരു സ്വപ്നമാണ്.' കരീമിന്റെ ആത്മാലാപമായിത്തീരുകയായിരുന്നു ആ ഗാനം. യാത്രക്കിടയില്‍ ഭരണി പൊട്ടി വര്‍ണ്ണമത്സ്യങ്ങള്‍ നിരത്തില്‍ ചിതറി വീണു. സ്വപ്നം നഷ്ടപ്പെട്ട കുട്ടികള്‍ പിടയുന്ന മീനുകളെ വാരിയെടുക്കാന്‍ തത്രപ്പെടുന്നതോടെ കുരുവികളുടെ ഗാനം പൊട്ടുന്നനെ നിലക്കുന്നു.

സാധാരണ മനുഷ്യരുടെ ജീവിതവിഷാദങ്ങളും സങ്കടങ്ങളും നിറപ്പൊലിമയില്ലാതെ ചിത്രീകരിക്കുന്ന ഈ ചലച്ചിത്രം ശബ്ദം താഴ്ത്തി സംസാരിക്കുന്ന ഒരു സ്‌നേഹിതനെപ്പോലെ പ്രേക്ഷക ഹൃദയങ്ങളോടു സംവദിക്കുന്നു ആര്‍ദ്രമായ കുറെ അനുഭവങ്ങള്‍, അത് പ്രസരിപ്പിക്കുന്ന ഊഷ്മാവ് നമ്മില്‍ പതുക്കെ നിറയുന്നു....
(അന്‍വര്‍ ഹസ്സന്‍)

No comments:

Post a Comment