Friday, 25 March 2016

യാത്ര, പ്രണയം, സംഗീതം...


Exiles (2004)|  Tony Gatlif| 1h 44min | Adventure, Drama, Music | 25 August 2004 (France)

അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ചു സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെ മറ്റു ചിത്രങ്ങളെപ്പോലെതന്നെ 'എക്‌സൈല്‍' എന്ന ഈ ചിത്രവും യാത്രയും സംഗീതവും പ്രണയവും ഇടകലര്‍ന്ന ഒരു കാവ്യമാണ്. അള്‍ജീരിയയിലേക്ക് തങ്ങളുടെ വേരുകളന്വേഷിച്ച് പോകുന്ന രണ്ട് കമിതാക്കളുടെ യാത്രയുടെ കഥ പറയുന്നു ഈ ചിത്രം. സാനോയും നൈമയും. സാനോ അള്‍ജീരിയയിലെ ഫ്രഞ്ച് കോളനിവല്‍ക്കരണകാലത്തെ ഒരു കൊളോണിയല്‍ കുടുംബത്തിലെ അംഗമായിരുന്നു. അള്‍ജീരിയന്‍ സ്വാതന്ത്രസമരം ശക്തമായതോടെ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടവരാണ് അവന്റെ പൂര്‍വ്വീകര്‍. നൈമയാകട്ടെ ഫ്രാന്‍സിലെ ഒരു അള്‍ജീരിയന്‍ കുടിയേറ്റ കുടുംബത്തിലെ കണ്ണിയും.

സംഗീതമാണ് അവരെ ഒന്നിപ്പിക്കുന്നത്, പിന്നെ ഉപാധികളില്ലാത്ത പ്രണയവും. നടന്നും, ട്രക്കിലും, ബോട്ടിലും, ട്രെയിനിലുമൊക്കെയായാണ് അവരുടെ യാത്ര. വെളിപ്രദേശങ്ങളും വഴിവക്കുകളും തകര്‍ന്ന കെട്ടിടങ്ങളുമൊക്കെയാണ് ഇടത്താവളങ്ങള്‍. മതിയായ യാത്രാരേഖകളില്ലാത്ത പലയിടത്തും അതിര്‍ത്തി നുഴഞ്ഞു കയറുകയാണ്. വഴിതെറ്റി സ്‌പെയിനിലും മൊറോക്കയിലുമെക്കെയെത്തുന്നുമുണ്ട് ഇതിനിടയിലവര്‍. വഴിയിലൊരിടത്ത് നാരങ്ങാതോട്ടത്തില്‍ ജോലിക്കാരാകുന്നുമുണ്ട്. ജിപ്‌സികളെപ്പോലെ ആകുലതകളില്ലാതെ തിരക്കുകളോ ഓടിപ്പാച്ചിലുകളോ ഇല്ലാതെ സ്വതന്ത്രവും പ്രണയവുമൊക്കെ ആഘോഷിക്കുന്നു അവര്‍.

യാത്രക്കിടയില്‍ പരിചയപ്പെട്ട ഫ്രാന്‍സിലേക്ക് കുടിയേറാനായി പോകുന്ന ഒരു അള്‍ജീരിയന്‍ യുവതി നല്‍കിയ കത്ത് അവളുടെ ബന്ധുകള്‍ക്ക് കൈമാറുന്നതോടെ സാനോയുടെ പഴയ വീട് കണ്ടെത്താനായി അവര്‍ അയാളെ സഹായിക്കുന്നുണ്ട്. നൈമക്കാകട്ടെ സാനോയൊടൊപ്പം അവന്റെ പൂര്‍വ്വീകരുടെ വേരുകള്‍ ഉള്ളിടത്തേക്ക് ഒരു യാത്ര എന്നതില്‍ കവിഞ്ഞ് ഒന്നും കാണാനോ ആരെയും കണ്ടെത്താനോ ഇല്ല അവിടെ. ആള്‍ജീരിയയുടെ യാഥാസ്ഥിതികത്ത്വം അവളെ അസ്വസ്ഥയാക്കുന്നുമുണ്ട്. എന്നാല്‍ കഥാദ്യത്തിലെ സൂഫി വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മതചടങ്ങുകള്‍ക്കിടയില്‍ മറ്റുള്ളവരെപ്പോലെ മുടിയഴിച്ചിട്ട് ഉറഞ്ഞു തുള്ളുന്നുണ്ട് ഇരുവരും.

യാത്ര തുടങ്ങുന്നത് തന്റെ വയലിന്‍ ചുമരുപൊളിച്ച് അതിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണെങ്കില്‍ മടക്കയാത്ര തുടങ്ങുന്നത് തന്റെ പിതാമഹന്റെ കല്ലറക്ക് മുകളില്‍ ഓണ്‍ ചെയ്ത് വെച്ച് വാക്ക്മാനില്‍ നിന്ന്  സംഗീതമൊഴുകുന്ന ഹെഡ് ഫോണ്‍ കല്ലറക്ക് മുകളില്‍ കൊളുത്തിയിട്ടുകൊണ്ടാണ്. സംഗീതജ്ഞന്‍ കൂടിയായ ഗാറ്റ് ലിഫിന്റെ മറ്റുചിത്രങ്ങളെപ്പോലെ സംഗീതം തന്നെയാണ് ഈ ചിത്രത്തിന്റെയും ജീവന്‍.

ജിപ്‌സികളുടെ ചലചിത്രകാരന്‍ എന്നാണ് ടോണിയെ വിളിക്കുന്നത്. ജിപ്‌സികളുടെ ജീവിതവും സംസക്കാരവും സംഗീതവുമൊക്കെയാണ് മിക്ക ഗാറ്റ്‌ലിഫ് ചിത്രങ്ങളുടെ പ്രമേയവും. ചേരികളിലെ ജനങ്ങള്‍, കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അനാഥര്‍, യാചകര്‍ ടോണിയുടെ ചിത്രങ്ങളില്‍ തെളിയുന്നത് ഇവരുടെയൊക്കെ കാഴ്ച്ചകളാണ്. സംഗീതത്തെ എന്നും പ്രണയിച്ച  സംവിധായകനാണ് ഗാറ്റ്‌ലിഫ്. ജിപ്‌സി സംഗീതത്തെക്കുറിച്ച് ഗാറ്റ്‌ലിഫിന്റെ ഒരു ഡോക്യുമെന്ററിയുണ്ട് 'ലാച്ചോ ഡ്രോം' രാജസ്ഥാനില്‍ നിന്ന് തുടങ്ങുന്ന സംഗീതം തേടിയുള്ള റൊമേനിയയും ഹംഗറിയും മെഡിറ്ററേനിയന്‍ തീരങ്ങളുമൊക്കെ താണ്ടിയുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി.

ഒരര്‍ത്ഥത്തില്‍ 'എക്‌സൈല്‍' ഗാറ്റ്‌ലിഫിന്റെ കൂടി കഥയാണ്. അള്‍ജീരിയന്‍ വംശജനായ ഗാറ്റ്‌ലിഫ് വര്‍ഷങ്ങള്‍ക്ക് ശേഷം അള്‍ജീരിയയില്‍ എത്തുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു. സാനോയും ഗാറ്റ്‌ലിഫും രണ്ടല്ല ഈ ചിത്രത്തിന്റെ ഒഴുക്കും അനായാസതയും നമ്മെ ബോധ്യപ്പെടുത്തുന്നു.

Thursday, 24 March 2016

സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബറ്റ്



യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഹോളിവുഡ് ചിത്രമാണ് 'സെവന്‍ ഇയേഴസ് ഇന്‍ ടിബറ്റ്. ആസ്ട്രിയന്‍ പര്‍വ്വതാരോഹകനായ ഹെയിന്റിച്ച് ഹാരര്‍ തന്റെ ഹിമാലയന്‍ പര്യവേഷണത്തിനിടെ ബ്രിട്ടീഷ് സൈനികരുടെ പിടിയില്‍ അകപ്പെടുകയും തുടര്‍ന്ന ടിബറ്റില്‍ എത്തിപ്പെടുകയുമാണ്. സുഹൃത്തിനോടൊപ്പം അവിടെ എത്തിപ്പെട്ട ഹാരറെ ഒരു തവണ അവിടെനിന്ന് പുറത്താക്കുന്നുണ്ടെങ്കിലും വീണ്ടും അവര്‍ അവിടെ തന്നെ അഭയാര്‍ത്ഥികളായി എത്തിപ്പെടുന്നു. തുടര്‍ന്ന് അന്ന് ബാലനായിരുന്ന ഇന്നത്തെ ദലായ്‌ലാമയുടെ ടീച്ചറായി ഹാരര്‍ മാറുന്നു.

ആസ്ട്രിയയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നു. ബ്രട്ടീഷ് പട്ടാളത്തിന്റെ പിടിയിലാണ് ഹാരര്‍ എന്നറിയുന്നതോടെ അവര്‍ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുകയും അവരുടെ മറ്റൊരു സുഹൃത്തിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. 1936 ല്‍ തുടങ്ങുന്ന സിനിമയില്‍ ഇടക്കിടെ ചരിത്രം കടന്നു വരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധവും ജര്‍മ്മനിയുടെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറുന്നതും സിനിമയിലൂടെ നാം അറിയുന്നുണ്ട്. ഒടുവില്‍ എകീകൃത ചൈന എന്ന സ്വപ്‌നത്തിനുവേണ്ടി ടിബറ്റ് കയ്യടക്കാനുള്ള ശ്രമങ്ങള്‍ക്ക തുടക്കം കുറിക്കുകയാണ് ചൈനീസ് ഭരണകൂടം.

ദലായ് ലാമ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന് മുന്‍പായി ചിത്രം അവസാനിക്കുകയാണ്. ഒരിക്കല്‍ തനിക്ക് ഇനി കത്തെഴുതരുതെന്ന് ആവശ്യപ്പെട്ട താനത്രനാളായിട്ടും കാണാത്ത മകനെത്തേടി ഹാരര്‍ ആസ്ട്രിയയിലെത്തുന്നു. അവനെ കണ്ടുമുട്ട് ദലായ്‌ലാമ അവന് കൈമാറാനായി തന്ന സമ്മാനം അയാള്‍ അവന് കൈമാറുന്നു. ഒടുവില്‍ അച്ഛന്റെ ശിക്ഷണത്തില്‍ മകനും പര്‍വ്വതാരോഹണത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ടിബറ്റിന്റെയും ഹിമാലയത്തിന്റെയും മനോഹരമായ ദൃശ്യഭംഗി വെളിവാക്കുന്നു ഈ സിനിമ. പ്രശസ്ത ഹോളിവുഡ് നടനായ ബ്രാഡ്പിറ്റാണ് ഹാരറായി അഭിനയിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ബ്രാഡ്പിറ്റിന് ചൈനയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആജീവനാന്തര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2012 ലെ ഷാങ്ഹായി ചലചിത്രോത്സവത്തിലേക്ക് ജൂറിത്തലവനായി ക്ഷണിച്ച് പിന്നീട് ഈ തെറ്റ് ചൈനതിരുത്തുകയുണ്ടായി.

ബ്ലാക്ക് ആന്‍ഡ് വെറ്റ് ഇന്‍ കളര്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ ഫ്രഞ്ച് സംവിധായകനായ ജീന്‍ ജാക്വിസ് അനൗഡ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉമ്പര്‍ട്ടോ എക്കോയുടെ നോവലായ ദ നെയിം ഓഫ് ദി റോസ്, ദ ബിയര്‍ എന്‍ഡ് ദ ടു ബ്രദേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. ചൈനീസ് ഭരണകൂടത്തിന് അനഭിമതനായ ഈ സംവിധായകന്‍ ഒടുവില്‍ ചൈനയില്‍ തന്നെ തന്റെ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. 2004 ല്‍ പുറത്തിറങ്ങിയെ വുള്‍ഫ് ടോട്ടം എന്ന ചിത്രം. 2015 ഡിസംബറില്‍ നടന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടനചിത്രം കൂടിയായിരുന്നു ഈ ചൈനീസ് ത്രീഡി സിനിമ.
(രാമു)

Tuesday, 22 March 2016

The Boy in the Striped Pajamas


രണ്ടാം ലോക മഹായുദ്ധ കാലത്ത് , ഹിറ്റ്ലറിന്റെ വരവോടു  കൂടി  ഉദ്യോഗകയറ്റം കിട്ടിയ നാസി പട്ടാള ഉദ്യോഗസ്ഥനായ  പിതാവിന്റെയും മറ്റ് കുംബാംഗങ്ങളുടേയും  കൂടെ വേദനയോടെ  യാത്ര തിരിയ്ക്കുന്ന  ഒരു കുട്ടി. തൻറെ ബാല്യകാലസുഹൃത്തുക്കളെ എല്ലാം മറന്ന് ബർലിനിൽ നിന്ന് യാത്ര തിരിച്ച് ,ഒറ്റപ്പെട്ട ഒരു വലിയ വീട്ടിൽ കഴി യേണ്ടി വരുന്ന ബ്രൂണോ എന്ന 8 വയസ്സുകാരൻ.
നാസി കളുടെ പട്ടാള ക്യാമ്പിൽ അടിമകളാക്കപ്പെട്ട Schuel എന്ന ജൂത ബാലനെ അവിചാരിതമായി പരിചയപ്പെടുന്നു.

ബ്രൂണോ ' ഇല ക്രിട്ടിക് കമ്പി വേലികൾക്കിടയിലൂടെ വേദനയോടെ എന്നും ടchuel നെ കണ്ട് ,ഭീതിയോടെ സൌഹൃദം പങ്കിടുന്നു. ഹിറ്റലറുടെ പട്ടാള പടയുടെ ഭീതിജനകമായ കുടുംബാന്തരീക്ഷത്തിൽ മനുഷ്യത്വം  മരവിച്ചു നില്ക്കുന്ന ഓരോ ഇടപെടലുകളിലും -
അച്ഛന്റെ  വാത്സല്യത്തിനു പോലുo ചോരയുടെ മണമാണ് എന്ന് മക്കൾ നിസ്സഹായരായി ഓരോ ദിവസ്സം മനസ്സിലാക്കുന്നു.

ഇരുണ്ട കിടപ്പു മുറിയിൽ സഹോദരിയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ശ്രമിയക്കുമ്പോഴും സഹോദരിയുടെ ഹൃദയമിടിപ്പിലും ഭയപ്പാടുകൾ ഏറെ കേൾക്കുന്നു.
' അത്താഴത്തിന് വിളമ്പുന്ന വീഞ്ഞിന് പോലും ജൂതരുടെ ചോര യുടെ നിറം .
അത് കൊതിയോടെ കുടിച്ചുതീരാത്ത നാസി പട്ടാള മേധാവികൾ വൃദ്ധരായ ദൃത്യരെ പോലും പൈശാചിക മായി മർദ്ദിയക്കുന്നു.


ഓരോ ദിനങ്ങളിലും തേങ്ങാൻ പോലും ഭയമായി കഴിയുന്ന അമ്മ.
ഒടുവിൽ കമ്പിവേലി കടിയിലൂടെ ബ്ലണോ കൂട്ടുകാരനെ കൊണ്ട് സംഘടിപ്പിച്ച വരയുള്ള ജൂത കുപ്പായവും പൈജാമയും ധരിച്ച് ജൂത ക്യാമ്പിൽ കയറി പറ്റുന്നു.
ഇതിനിടയിൽ പെട്ടന്നാണ്  നാസി ഉദ്യോസ്ഥർ എല്ലാവരേയും ഒരുമിച്ച് ആട്ടിയോടിച്ച് കൂട്ടമായ് ഗ്യാസ് ചേമ്പറിൽ കയറ്റുന്നത് '
വരയുള്ള വസ്ത്രങ്ങൾ അഴിച്ചിടാൻ ആക്രോശിക്കുന്നതും, പതിയെ നഗ്നരായ ജൂത കൂട്ടത്തിൽ എന്താണന്നറിയാതെ,
 ഒന്നും ചെയ്യാൻ കഴിയാത ഗ്യാസ് ചേംബറിൽ ഈ കുരുന്നു കുട്ടികൾ '
 ചുറ്റും ഒരു വലിയ കൂട്ടം ജൂതർ  സ്വയം രക്ഷക്ക് വേണ്ടി കേഴുന്നു '
ഗ്യാസ് ചേമ്പറിൽ ഇരുട്ട് വ്യാപിക്കുന്നു . നാസികൾ വിഷം വിതറുന്നു ' ഗ്യസ് ചേമ്പറിന്റെ തടിച്ച ഇരുമ്പ് വാതിലുകൾ അടയുന്നതിന് മുൻപ്  ബ്രൂണോ തന്റെ കുട്ടുകാരന്റെ കൈ മുറുകെ പിടിയ്ക്കുന്നു '

വിഷവാതകം കൊണ്ട് ശ്വാസം മുട്ടി  കരിഞ്ഞു തീരുന്ന ഒരു ഹൃദയവുമായ് നാം ഓരോരുത്തരും ഒരക്ഷരം പോലും പറയാനൊ ഒന്ന് നെടുവീർപ്പിടാനൊ കഴിയാതെ 10 നിമിഷമെങ്കിലും നമ്മളിരിയ്ക്കും
 അപ്പോഴും, നാം നമ്മോട് തന്നെ ചോദിയ്ക്കുന്ന ഒരു ചോദ്യം.
'ഈ ഗ്യാസ് ചേമ്പറിൽ ശ്യാസം മുട്ടി മരിച്ച ബ്രൂണോയുടേയുo SchueI  ന്റെയുo
കഥയാണങ്കിൽ.
മരിച്ചു മണ്ണോട് ചേർന്ന ലക്ഷക്കണക്കിന് വരുന്ന ഓരോ പൌരനും പറയാൻ കഥകൾ എത്രയുണ്ടാകും? ഇന്നും ഓരോ ദിവസവു മരിച്ചുവീഴുന്ന ഓരാരുത്തർക്കും
ചരിത്രം പറയാതെ പോകുന്ന എത്രയെത്ര കഥകൾ.
ഗ്യാസ് ചേമ്പറിന്റെ വാതിലുകൾ അടയുന്നു സംവിധായകൻ സിനിമ അവസാനിപ്പിക്കൂമ്പോൾ ആ ജനത ഊരിയിട്ട Stripped pajamaകൾ പുറത്ത്  പുതിയ ജനതയെ കാത്ത് കിടപ്പുണ്ട് ' അവിടെ പരക്കെ ഇരുട്ട് വ്യാപി ക്കുമ്പോൾ സിനിമയുടെ അവസ്സാന Shot അവസാനിപ്പിക്കുമ്പോൾ ഗ്യാസ് ചേമ്പറിൽ ശ്വാസം മുട്ടി മരിയ്ക്കുന്ന ആ ബാലരെ നമ്മൾ ഹൃദയത്തിൽ പേറുന്നു.
 ഒപ്പം വിഷം വാതകം ശ്വസിച്ച അവസ്ഥ നമ്മളിൽ സൃഷ്ടിച്ച് ഒരു സിനിമ നമ്മളുടെ മുഴുവൻ ജീവിതവും അപഹരിയ്ക്കുന്നു.' -

(ഷാജി എൻ പുഷ്പാംഗദൻ)

Wednesday, 16 March 2016

ദ സോങ് ഓഫ് സ്പാരോസ്...



ലോക സിനിമയില്‍ പുതിയൊരു ഭാവുകത്വ പരിസരം സൃഷടിച്ചതിനു പുറമെ, തീക്ഷണമായ നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട ഇറാനിയന്‍ അവസ്ഥകളില്‍ സ്വാതന്ത്ര്യം വിറങ്ങലിച്ചു പോകുമെന്നിരിക്കെ അതിനെതിരെ ചലച്ചിത്രങ്ങള്‍ കലാപത്തിന്റെ ദൃശ്യരൂപങ്ങളാകുകയും ,ആ ഗ്രീഷ്മ താപത്തിലും വറ്റിപ്പോകാത്ത നീര്‍ച്ചോല പോലെ നിറഞ്ഞൊഴുകുകയും ചെയ്യുന്നു. മജീദി മജീദിയുടെ 'ദ സോങ് ഓഫ് സ്പാരോസ്', ഡിസീക്കയും, റോസലിനിയുമൊക്കെച്ചേര്‍ന്ന് രൂപം കൊടുത്ത നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തില്‍ വിരിഞ്ഞ അസുലഭ സുന്ദരങ്ങളായ ചലച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഒട്ടകപ്പക്ഷി ഫാമിലെ സൂക്ഷിപ്പുകാരനായ കരീമിന്റെ കണ്ണുവെട്ടിച്ച് കൂട്ടത്തില്‍ നിന്നും ഒരെണ്ണം ഓടിപ്പോകന്നതില്‍ നിന്നും തുടങ്ങുന്ന ഈ ചിത്രത്തെ ലളിതമോഹനം എന്നു വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. നേര്‍ത്ത നര്‍മ്മത്തില്‍ ചാലിച്ചു കഥ പറയുന്ന ഈ ചലച്ചിത്രകാരന്‍ പ്രമേയത്തെ പരിലാളിക്കുന്നത് മിതവചസ്സായ ഒരു കവിയെപ്പോലെയാണ്.

സ്വര്‍ണ്ണ മീനുകള്‍ നിറച്ച ഭരണി സൂക്ഷിച്ചു വച്ച ട്രക്കില്‍ നഗരത്തില്‍ നിന്നും മടങ്ങുകയായിരുന്നു കരീമും മകനും അവന്റെ കൂട്ടുകാരും. അപ്പോള്‍ അവര്‍ എല്ലാം മറന്നുപാടുന്നുണ്ടായിരുന്നു, 'ഈ പ്രപഞ്ചം വലിയ നുണയാണ്, ഈ പ്രപഞ്ചം ഒരു സ്വപ്നമാണ്.' കരീമിന്റെ ആത്മാലാപമായിത്തീരുകയായിരുന്നു ആ ഗാനം. യാത്രക്കിടയില്‍ ഭരണി പൊട്ടി വര്‍ണ്ണമത്സ്യങ്ങള്‍ നിരത്തില്‍ ചിതറി വീണു. സ്വപ്നം നഷ്ടപ്പെട്ട കുട്ടികള്‍ പിടയുന്ന മീനുകളെ വാരിയെടുക്കാന്‍ തത്രപ്പെടുന്നതോടെ കുരുവികളുടെ ഗാനം പൊട്ടുന്നനെ നിലക്കുന്നു.

സാധാരണ മനുഷ്യരുടെ ജീവിതവിഷാദങ്ങളും സങ്കടങ്ങളും നിറപ്പൊലിമയില്ലാതെ ചിത്രീകരിക്കുന്ന ഈ ചലച്ചിത്രം ശബ്ദം താഴ്ത്തി സംസാരിക്കുന്ന ഒരു സ്‌നേഹിതനെപ്പോലെ പ്രേക്ഷക ഹൃദയങ്ങളോടു സംവദിക്കുന്നു ആര്‍ദ്രമായ കുറെ അനുഭവങ്ങള്‍, അത് പ്രസരിപ്പിക്കുന്ന ഊഷ്മാവ് നമ്മില്‍ പതുക്കെ നിറയുന്നു....
(അന്‍വര്‍ ഹസ്സന്‍)

ഫെല്ലിനിയുടെ അമര്‍കോര്‍ഡ്‌


ഇറ്റാലിയൻ  നിയോറിയലിസം ,നവതരംഗ പ്രസ്ഥാന്, സർ റിയലിസം ഇതിന്റെയെല്ലാം പ്രതിഫലനങ്ങളാണ് ഫെഡറിക്കോ ഫെല്ലിനിയുടെ ചിത്രങ്ങൾ. യുക്തിചിന്തയിൽ നിന്നല്ല വികാരങ്ങളിൽ നിന്നാണ് അവരൂപം കൊള്ളുന്നത്.1973 ൽ പുറത്തിറങ്ങിയ അമർ കോഡ് ഫാസിസത്തേയും മതമേധാവിത്വത്തെയും ചെറുക്കുന്നതിൽ ഒരു ജനത എങ്ങിനെ പരാജയപ്പെട്ടു എന്നു വെളിപ്പെടുത്തുന്നു. സ്വന്തം ജന്മദേശമായ റിമി നി യിലെ രണ്ടു മഞ്ഞുകാലങ്ങൾക്കിടയിലെ ജീവിതം ചിത്രീകരിക്കന്ന അമർ കോർഡിലെ കഥാപാത്രങ്ങളെ കാരിക്കേച്ചർ സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഞാൻ ഓർമ്മിക്കുന്നു എന്നാണ് അമർ കോർഡ് എന്ന പദത്തിന് റിമി നി യിലെ പ്രാദേശിക ഭാഷയിലർ ത്ഥം. ഈ ചിത്രത്തിന് കൃത്യമായ കഥാ ഘടനയില്ല. കുറെ ജീവിത ചിത്രങ്ങൾ ചേർത്തു വയ്ക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. ഫാസിസ്റ്റുകാലത്തെ ഇറ്റാലിയൻ ജീവിതത്തെ ഒരു കാലിഡോസ്കോപ്പിലെന്ന കണക്കെ നമുക്കകാട്ടിത്തരുന്നു.ഞാനൊരു സ്വപ്നത്തിൽ ജീവിക്കുക എങ്ങനേ യാണോ അതുപോലെയാണ് ഞാനൊരു സിനിമ നിർമ്മിക്കുന്നതും എന്ന ഫെല്ലിനി പറഞ്ഞിട്ടുണ്ട് അമർ കോർഡ് അക്ഷരാർത്ഥത്തിൽ ആ പ്രസ്ഥാവനയെ ശരിവയക്കുന്നു.
(അന്‍വര്‍ ഹസ്സന്‍)